11/07/2026
മത്സരങ്ങൾ അവസാനിക്കും, സ്കോറുകൾ മറക്കപ്പെടും, വിജയങ്ങൾ പഴയകഥകളാകും. എന്നാൽ ഇത്തരം കരുണാർദ്രമായ നിമിഷങ്ങൾ, വിനയം നിറഞ്ഞ പ്രവർത്തികൾ എന്നെന്നും നിലനിൽക്കും.
ആ ഈജിപ്ഷ്യൻ കുടുംബം മണിക്കൂറുകളോളം കാത്തിരുന്ന ശേഷമാണ് ആ ഇതിഹാസത്തെ കാണാൻ സാധിച്ചത്. ഈജിപ്റ്റിന്റെ ജേഴ്സി ധരിച്ച ആ കൊച്ചു പെൺകുട്ടി തന്റെ കൈകൊണ്ട് നിർമ്മിച്ച ഒരു ബ്രെയ്‌സ്ലെറ്റ് മെസ്സിക്ക് നൽകാൻ ആഗ്രഹിച്ചു. മറ്റേതൊരു തിരക്കുള്ള താരവും ഒരുപക്ഷേ അതൊന്ന് വാങ്ങി നടന്നു നീങ്ങിയേനെ. എന്നാൽ മെസ്സി അവിടെ കാണിച്ചത് കരുണയുടെയും വാത്സല്യത്തിന്റെയും പരകോടിയായിരുന്നു.
മെസ്സി ഒട്ടും മടിക്കാതെ ആ കുട്ടിയുടെ ഉയരത്തിലേക്ക് താഴേക്ക് ഇരുന്നു, അവൾക്ക് തന്റെ കൈ നീട്ടിക്കൊടുത്തു, അവൾ ബ്രെയ്‌സ്ലെറ്റ് കെട്ടുന്നത് കൗതുകത്തോടെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. ഇവിടെ ഇതിഹാസവും ആരാധകനുമില്ല, രാജ്യങ്ങളുടെ അതിരുകളില്ല, നിറങ്ങളുടെ വ്യത്യാസമില്ല. അവിടെയുണ്ടായിരുന്നത് കേവലം സ്നേഹം മാത്രമായിരുന്നു.
കാരണം, "വിനയമാണ് എല്ലാ സദ്ഗുണങ്ങളുടെയും അടിസ്ഥാനം!"
മെസ്സിയുടെ ആ എളിമയാർന്ന ഭാവവും, മെസ്സിക്ക് ബ്രെയ്‌സ്ലെറ്റ് കെട്ടി കൊടുക്കാനുള്ള കുട്ടിയുടെ വ്യഗ്രതയും, പശ്ചാത്തലത്തിൽ നിൽക്കുന്ന പിതാവിന്റെ നെഞ്ചിൽ കൈവെച്ചുള്ള നിൽപ്പും - അത് നന്ദിയുടെയും ആരാധനയുടെയും ആദരവിന്റെയും പ്രകടനമായിരുന്നു. ആ പിതാവ് തന്റെ കുട്ടിയുടെ ആഗ്രഹം സാധിച്ച ഇതിഹാസത്തെക്കാൾ, തന്റെ കുഞ്ഞിനെ ചേർത്തുപിടിച്ച ആ നല്ല മനുഷ്യനെയായിരുന്നു അവിടെ ആരാധിക്കുന്നത്.
"നമുക്ക് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ലായിരിക്കാം, പക്ഷേ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാൻ കഴിയും."
- Riyas Pulikkal