05/06/2026
എന്റെ അമ്മ ധ്രുവനക്ഷത്രമല്ല.
ഓരോ നിമിഷവും മരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ മാത്രം,
താണുതാണു പോകുന്ന ഒരു താരാട്ട്.
അവർ വടക്കൻപാട്ടിലെ വീരനായികയല്ല പൊരുതിയത് അവർ
അടുക്കളയിലെ പച്ചവിറകിനോടും അലക്കുതൊട്ടിയിലെ കട്ടവിരിപ്പിനോടും കുട്ടികളെ വിഴുങ്ങാൻ വന്ന പട്ടിണിയോടും മാത്രം.
അവർ താമരയിലയിൽ
പ്രേമലേഖനങ്ങളെഴുതിയില്ല,
നാൾവഴിപ്പുസ്തകത്തിൽ കൂടിവരുന്ന ചെലവും കൂടാതെ നിൽക്കുന്ന വരവും
പൊരുത്തപ്പെടുത്താൻ ശ്രമിച്ച് വശം കെടുക മാത്രം.
പച്ചവെള്ളം തിന്ന്,
പാലുവിറ്റുണ്ടാക്കിയ പണം കൊണ്ട്
അവർ അഞ്ചു കുട്ടികളെപ്പുലർത്തി
രണ്ടുപേരെ വഴിയിൽ വെച്ച് കൂഴ കൊണ്ടുപോയി.
അമ്മയെ അടിമുടി അറിയാമെന്ന്
ഞാൻ അഹങ്കരിച്ചിരുന്നു.
ഓർത്തുനോക്കുമ്പോൾ എത്ര കുറച്ചുമാത്രമേ
എനിക്കറിയൂ എന്നറിയുന്നു.
അമ്മയ്ക്ക് വലിയമ്മയെയും ചെറിയമ്മയെയും പോലെ ഭ്രാന്തില്ല; എങ്കിലും അവർ അന്യരുടെ മുമ്പിലും ഗൗളിയെപ്പോലെ ആത്മഗതം ചെയ്യുന്നതും ഒറ്റയ്ക്കു നടക്കുമ്പോൾ ആലില പോലെ പിറുപിറുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
ഗോമതിപ്പശു മരിച്ച ദിവസവും ചേട്ടനു ഫീസുകൊടുക്കാൻ
ഓട്ടുപാത്രങ്ങൾ പണയംവെച്ച ദിവസവും സഹായം ചോദിച്ചതിന് അമ്മാവൻ
അവരെ ആട്ടിയോടിച്ച ദിവസവും
അച്ഛൻ തീർത്ഥാടനത്തിൽ മരിച്ച വാർത്ത വന്ന ദിവസവും
അമ്മ ചായിപ്പിലെ ദൈവങ്ങളോടു
വഴക്കു കൂടുന്നതു ഞാൻ കേട്ടിട്ടുണ്ട്.
ദൈവങ്ങളുടെ മറുപടി കേൾക്കാൻ ഞാൻ ഒളിച്ചുനിന്നു; അമ്മയുടെ തേങ്ങലല്ലാതെ മറ്റൊരു ശബ്ദവും ഞാൻ കേട്ടില്ല.
അമ്മ ഏറെയും സംസാരിച്ചിരിക്കുന്നത് പശുവിനോടും പട്ടിയോടും കോഴിയോടും കാക്കയോടും തൊടിയിലെ മരങ്ങളോടുമായിരുന്നു അവരെ അനാഥയാക്കിയ മനുഷ്യരോട് അവരങ്ങനെ പകരം വീട്ടി.
അമ്മ വെറുതെയിരിക്കുന്നത്
ഞാൻ കണ്ടിട്ടേയില്ല.
രക്തസമ്മർദ്ദവും ചുമയും കിതപ്പും ഒന്നിച്ചുശ്വാസംമുട്ടിക്കുന്ന ഈ എൺപതിലും അവർ പാടത്തോ തൊടിയിലോ പശുത്തൊഴുത്തിലോ
കുട്ടികളെ കുളിപ്പിച്ച തന്റെ
കൈകൾ അഴുക്കാക്കുന്നു.
ചിലപ്പോൾ കൊയ്യുന്നു, ചിലപ്പോൾ മെതിക്കുന്നു
ചിലപ്പോൾ ചേറിക്കൊഴിക്കുന്നു
പതിരോട് പതിരിന്നിടയിൽ ഒരു
നല്ല നെന്മണി തിരക്കുന്നു,
വരുംകാലത്തിന്
നൂറുമേനി വിളയിക്കുവാൻ.
കുട്ടികളെ കൺമുന്നിൽ വെച്ച്
തീപ്പിടിച്ച വയ്ക്കോൽ തുരുമ്പുപോലെ അവർ ഈ ഞൊടി ചാരമാവുന്നു ചക്രം ചവിട്ടുന്ന കുളംപോലെ കാണെക്കാണെ വറ്റുന്നു എണ്ണ തീർന്ന പട്ടടപോലെ പൊട്ടുന്നു.
ഇപ്പോഴേ എനിക്കു കാണാം:
അമ്മ ആകാശത്തെ
കറുമ്പിപ്പയ്ക്കളുടെ പിറകെ ഓടുന്നത് ചന്ദ്രന്റെ തട്ടിമറിഞ്ഞ പാൽപ്പാത്രം
നേരെ വെയ്ക്കുന്നത്
ആന്യഗ്രഹങ്ങളിൽ പശുവിനു പുല്ലുതേടി അലയുന്നത് നക്ഷത്രങ്ങളെ ചേറി വൃത്തിയാക്കുന്നത്
പറന്നുനടക്കുന്ന ആത്മാക്കളോടു സംസാരിക്കുന്നത്
സൂര്യന്റെ പുലരിക്കതിരുകളിലൂടെ
പേരക്കിടാങ്ങളെ തഴുകാൻ കൈനീട്ടുന്നത്
ചാറ്റൽ മഴയിലൂടെ ലോകത്തിന്റെ
പോക്കിനെക്കുറിച്ച് പിറുപിറുക്കുന്നത്
ഇടിമിന്നലിന്റെ പൂക്കുലപിടിച്ചു തുള്ളുന്നത്,
ഇടിമുഴക്കത്തിലൂടെ
നാളെയെക്കുറിച്ച് വെളിച്ചപ്പെടുന്നത്.
അമ്മ
കെ. സച്ചിദാനന്ദൻ