09/02/2026
"മോനാണോ?"
"മോനെപ്പോലെയാ..."
സമദ്ക്കായുടെ വീഡിയോകൾ കണ്ട് പരിചയമുള്ളൊരാൾ ഒരു യാത്രക്കിടെ ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ, എന്നെ മൂപ്പർക്ക് സമദ്ക്ക പരിചയപ്പെടുത്തിയതിങ്ങനെയാണ്.
ഞങ്ങളെങ്ങനെയാണ് പരിചയപ്പെട്ടതെന്നെനിക്കോർമ്മയില്ല. പക്ഷേ, കഴിഞ്ഞ ഒരഞ്ചാറ് വർഷമായി മൂപ്പരുമായി സംസാരിക്കാത്ത ദിവസങ്ങൾ തന്നെ കുറവായിരുന്നു. അതിനും മുൻപ് ഞങ്ങൾക്ക് പരസ്പരം അറിയാമായിരുന്നു.
പാർട്ടി ബന്ധത്തിലാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. പിന്നീട് വായനാശാലയിലൂടെയും, കുന്ത്രാണ്ടം വീഡിയോകളിലൂടെയുമെല്ലാം ആ പരിചയം ഊഷ്മളമായി. പല തമാശക്കഥകളുമായി മൂപ്പർ കളം നിറഞ്ഞു.
യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ടമായിരുന്നു. ഞങ്ങളൊരുമിച്ച് പല തവണ യാത്ര പോയിട്ടുമുണ്ട്. വയനാട്ടിലേക്കും, മധുരയിലേക്കും, പഴനിയിലേക്കും, ആലപ്പുഴയിലേക്കും, എറണാകുളത്തേക്കുമെല്ലാമുള്ള യാത്രകൾ മറക്കാൻ കഴിയാത്തതാണ്. ബൈക്കിൽ മധുരയിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസ് കാണാൻ പോയതൊക്കെ വല്ലാത്ത യാത്രയായിരുന്നു. കഴിഞ്ഞ രണ്ട് മാസം മുമ്പാണ് തഞ്ചാവൂർ, നാഗപട്ടണം ഒക്കെ പോവാൻ ഞങ്ങളൊരു പ്ലാനിട്ടത്. പല കാരണങ്ങൾ കൊണ്ട് അത് നീണ്ടു.
പ്രായം കൊണ്ട് മൂപ്പരുടെ പകുതി പോലും ഞാനില്ല. പക്ഷേ, ഏറ്റവും അടുത്തൊരു സുഹൃത്തെന്നപോലെ അദ്ദേഹം എന്നെ കൂടെ കൂട്ടി. ചില കുന്ത്രാണ്ടം വീഡിയോകൾ വിവാദമായപ്പോൾ എനിക്ക് ധൈര്യം തന്നു. അസാധ്യമായതൊന്നും മൂപ്പർക്ക് ഇല്ലായിരുന്നു. എന്ത് പറഞ്ഞാലും ഒരു മടിയുമില്ലാതെ ചെയ്യും.
മരണത്തിൻ്റെ തൊട്ട് തലേ ദിവസമാണ് എന്റെ ഓഫീസ് ഉദ്ഘാടനത്തിന് വന്നത്. അന്ന് മൂപ്പരടങ്ങുന്ന കുന്ത്രാണ്ടം ടീമിനെക്കൊണ്ട് ഒരു വീഡിയോ ചെയ്യിച്ചു. അതായിരുന്നു അവസാനത്തെ വീഡിയോ. അന്ന് വൈകുന്നേരം അങ്ങാടിയിൽ വെച്ച് ബൈക്കിൽ പാസ് ചെയ്ത് പോകുമ്പോൾ കൈ ഉയർത്തി എനിക്കൊരു അഭിവാദ്യം തന്നു. കണ്ണിൽ നിന്നും പരസ്പരം മറയുന്നത് വരെ ഞങ്ങൾ നോക്കി നിന്നു. അതായിരുന്നു അവസാനത്തെ കാഴ്ച.
പിന്നീട് കേൾക്കുന്നത് പോയെന്നാണ്. പിന്നീട് കാണുന്നത് ചലനമറ്റ ശരീരമാണ്. നമുക്കൊന്ന് നിന്റെ പാക്കേജിൽ കാശ്മീർ പോകണണമെന്ന് തലേ ദിവസം പറഞ്ഞ് പോയ മനുഷ്യനെ പിന്നെ ഞാൻ കാണുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ്. വല്ല്യുപ്പക്ക് ശേഷം, വല്ല്യുമ്മക്ക് ശേഷം, മൂത്താപ്പക്കും, റസാഖ്ക്കാക്കും ശേഷം, എന്നെയും, മറ്റനേകം മനുഷ്യരേയും തളർത്തിക്കൊണ്ട് സമദ്ക്കായും മടങ്ങി.
ഇന്നേക്ക് ഒരാഴ്ച പൂർത്തിയാവുന്നു. അദ്ദേഹത്തിൻ്റെ അഭാവത്തെ ഇനി ഞാനെങ്ങനെ പൂർത്തിയാക്കും?
| Suhail AminaMuhammed