15/12/2019
കെയ്‌റോ: പ്രതിസന്ധി ഉടനെ അവസാനിക്കുമെന്ന പ്രതീക്ഷയെ മന്ദീഭവിപ്പിച്ച് സൗദി നേതൃത്വത്തിലുള്ള സംഘവുമായി ദീർഘകാലമായി നിലനിൽക്കുന്ന വിള്ളൽ അവസാനിപ്പിക്കുന്നതിൽ ഖത്തറിന് ഗൗരവമില്ലെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ.
ചൊവ്വാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) വാർഷിക ഉച്ചകോടി ഖത്തരി അമീർ തമീം ബിൻ ഹമദ് അൽ താനി പങ്കെടുക്കാതെ പ്രധാനമന്ത്രി അബ്ദുല്ല ബിൻ നാസർ അൽ താനിയെ അയച്ചതിനെ; രണ്ടര വർഷമായുള്ള തർക്കത്തോടുള്ള ഖത്തറിന്റെ ഗൗരവമില്ലാത്ത സമീപനത്തിന്റെ അടയാളമായാണ് ബഹ്‌റൈൻ മന്ത്രി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.
ദുബായ്: ഖത്തർ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇനിയും സമയം ആവശ്യമാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗാർഗാഷ് ട്വീറ്റിൽ അഭിപ്രായപ്പെട്ടു. ജിസിസി സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അമീർ അയച്ച ഖത്തറി ഉദ്യോഗസ്ഥർ പ്രതിസന്ധി അവസാനിപ്പിക്കാൻ സഹായകമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെ സമയം അമീർ ഷെയ്ഖ് തമീം സൗദിയിൽ നിന്നും ക്ഷണം ലഭിക്കുന്നതിന് മുമ്പേ തീരുമാനിച്ച പ്രകാരം റുവാണ്ട സന്ദർശനത്തിലായിരുന്നതിനാലാണ് റിയാദ് സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ.