17/05/2019
*ബിസിനസ്സ് തുടങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ:-*
*സംരംഭകർക്ക് വേണ്ടി മാത്രം. മുഴുവൻ വായിച്ചുനോക്കുക, താങ്കളുടെ ബിസിനസ്സിന് ഗുണകരമായേക്കാം.*
*നമ്മുടെ പല സുഹൃത്തുക്കളും ബിസിനസ്സ് സംരംഭകത്വത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും, ഏറ്റവും ചുരുക്കത്തിൽ എന്തൊക്കെ കാര്യങ്ങളാണ് മുന്നോടിയായി ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം:-*
*1. അറിവുള്ള മേഖല തിരഞ്ഞെടുക്കാൻ ശ്രമിക്കുക:-*
*നമ്മുടെ എല്ലാ സ്വപ്നങ്ങളെയും ലാഭകരമായ ബിസിനസ്സ് ആക്കി മാറ്റാൻ കഴിയണമെന്നില്ല. മാത്രമല്ല, നമുക്ക് അറിവില്ലാത്ത മേഖലയിൽ ബിസിനസ്സ് ചെയ്യുന്നത് അനാവശ്യമായി അദ്ധ്വാനം കൂടാനും, സമയനഷ്ടത്തിനും, ലാഭസാധ്യത കുറയാനും കാരണമായേക്കും. മറ്റുള്ളവർ ചെയ്യുന്നതുകൊണ്ടും, വിജയിച്ചതുകൊണ്ടും മാത്രം എല്ലാവർക്കും അത് ഒരേ പോലെ ശരിയാവണമെന്നില്ല. ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച, അവിടെ ചെന്നാൽ മാത്രമേ നിജസ്ഥിതി അറിയൂ. കുറഞ്ഞപക്ഷം അതാതു മേഖലയിൽ ബിസിനസ്സ് ചെയ്യുന്നവരുടെ പ്രവൃത്തിപരിചയം ചോദിച്ചു മനസ്സിലാക്കുക.*
*2. ബിസിനസ്സ് റിസർച്ച്:-*
*ഏതൊരു സംരംഭവും തുടങ്ങുന്നതിനു മുൻപ് അതിന്റെ മാർക്കറ്റ് സാധ്യത, ലാഭത്തിന്റെ തോത്, മാർക്കറ്റ് കിടമത്സരം, പ്രൊഡക്ടിന്റെ ലഭ്യത, കസ്റ്റമേഴ്സിന്റെ വാങ്ങൽ സൈക്കോളജി, ടെക്നോളജി ഇന്നോവേഷൻസ്, നിയമപരമായ കാര്യങ്ങൾ, ആഗോള സാമ്പത്തിക വ്യതിയാനം, സ്ട്രെങ്ത്, വീക്നെസ്, ഓപ്പർച്യുണിറ്റി, ത്രെട്ട് (SWOT അനാലിസിസ്) ഇത്യാദി കാര്യങ്ങളെ കുറിച്ചുള്ള പഠനം നിർബന്ധമായും നടത്തുക.*
*3. ബിസിനസ്സ് പ്ലാൻ:-*
*നമ്മുടെ സ്വപ്നങ്ങളും, ചിന്തകളും, സ്ട്രാറ്റജികളും എല്ലാകൂടെ ഒരു പ്രൊഫഷണലിന്റെ സഹായത്തോടെ ഒരു ബിസിനസ്സ് പ്ലാൻ ആക്കി മാറ്റണം. ബിസിനസ്സ് പ്ലാൻ എന്ന് പറയുന്നത് ബിസിനസ്സിനെക്കുറിച്ചു മൊത്തത്തിലുള്ള എഴുതിത്തയ്യാറാക്കപ്പെട്ട അവലോകനം ആണ്. നമ്മുടെ വിഷൻ, മിഷൻ, ലക്ഷ്യം, ബിസിനസ്സ് ഐഡിയ, നമ്മുടെ ഐഡന്റിറ്റി, എന്താണ് പ്രോഡക്റ്റ്, ആർക്കാണ് വിൽക്കുന്നത്, മാർക്കറ്റിംഗ് സ്ട്രാറ്റജി, ബിസിനസ്സ് ഗോൾ, സാമ്പത്തിക ക്രമീകരണം, ബിസിനസ്സ്/ ഓപ്പറേഷൻസ് മോഡൽ, തൊഴിലാളികളുടെ തിരഞ്ഞെടുപ്പ്, വില്പന രീതി, ലാഭ സാധ്യത, വളർച്ചാസാധ്യത തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്.*
*4. ബിസിനസ്സിനെ ഒരു വേറിട്ട അസ്ഥിത്വം ആയി കണക്കാക്കുക:-*
*സാധാരണയായി പറയാറില്ലേ ഫ്രണ്ട്ഷിപ്പ് വേറെ പാർട്ണര്ഷിപ്പ് വേറെ എന്ന്. വ്യക്തിപരമായ കാര്യങ്ങൾ ബിസിനസ്സിൽ കൂട്ടിക്കുഴക്കാതിരിക്കുക, അത് സംരംഭകന്റെ വ്യക്തിപരമായ സാമ്പത്തികമോ, മറ്റേതെങ്കിലും കാര്യമോ ആണെങ്കിലും. കമ്പനി രൂപീകരണത്തിന്റെയും, നടത്തിപ്പിന്റെയും നിയമപരമായ കാര്യങ്ങളും, കണക്കെടുപ്പിന്റെ കാര്യങ്ങളും നിർബന്ധമായും പാലിക്കുക. മാത്രമല്ല, സംരംഭകൻ ബിസിനസ്സിന്റെ പ്രാരംഭദശയിൽ ഒരേ സമയം സംരംഭകനെപ്പോലെയും, തൊഴിലാളിയെപ്പോലെയും ചിന്തിച്ചു പ്രവർത്തിക്കേണ്ടതുണ്ട്.*
*5. വർക്കിങ് ക്യാപിറ്റലിന്റെ പ്രാധാന്യം:-*
*ഏതൊരു ബിസിനസ്സും, എത്ര നല്ല പ്രോഡക്റ്റും, കസ്റ്റമറിൽ എത്തിക്കാനും, ലാഭകരമാക്കുവാനും സമയമെടുക്കുന്നതാണ്. ഈ സമയമെല്ലാം ബിസിനസ്സിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഒരു കാരണവശാലും മുടക്കം വരാതെ നോക്കണം,* *ഇതിൽ എത്ര മാത്രം തുടർച്ചയുണ്ടോ അത്രയും വേഗം ബിസിനസ്സ് ലാഭകരമാകാൻ സാധ്യതയുണ്ട്. ഇന്ന് ചെയ്യുന്ന കാര്യങ്ങൾക്ക് നാളെത്തന്നെ ഫലം കിട്ടണമെന്നില്ല.* *സാധാരണഗതിയിൽ സംരംഭകർ ഫിക്സഡ് ക്യാപിറ്റൽ സ്വരുക്കൂട്ടാൻ കാണിക്കുന്ന ശ്രദ്ധ, വർക്കിങ് ക്യാപിറ്റലിന്റെ കാര്യത്തിൽ കാണിക്കാറില്ല. ഫലമോ, ബിസിനസ്സ് അതിന്റെ പ്രാരംഭദശയിൽ നിന്നും കുറച്ചു മുന്നോട്ടു പോകുമ്പോഴേക്കും ഡെയിലി ക്യാഷ്ഫ്ലോ ഇല്ലാതാവുകയും, നടത്തിക്കൊണ്ടു പോകാൻ ബുദ്ധിമുട്ടും, മാനസികസംഘർഷം അനുഭവപ്പെടുകയും, തുടർന്ന് സംരംഭകന് ഫണ്ടിന് വേണ്ടി അനാവശ്യമായ പാർട്ണർഷിപ്പിലേക്ക് തിരിയേണ്ടിവരികയും, ഇൻവെസ്റ്റേഴ്സിനെ ആകർഷിക്കാൻ ബുദ്ധിമുട്ടാവുകയും,* *ബിസിനസ്സ് ബന്ധങ്ങളിൽ അല്ലെങ്കിൽ മാർക്കറ്റിൽ കമ്പനിയുടെ വാല്യൂ നഷ്ടപ്പെടുകയും ചെയ്യുന്നു.*
*വർക്കിംഗ് ക്യാപിറ്റൽ തോത് വളരെ കുറഞ്ഞാൽ ഏറ്റവും പ്രത്യക്ഷത്തിൽ സംഭവിക്കാവുന്നത്; തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്തു കൊടുക്കാൻ കഴിയാതെ വരികയും, സെയില്സിന്റെ കളക്ഷൻ വന്നിട്ട് ശമ്പളം പറ്റാം എന്ന് പറയേണ്ടി വരികയും, കമ്പനിയോടുള്ള തൊഴിലാളികളുടെ കോൺഫിഡൻസും, വിശ്വാസവും നഷ്ടപ്പെടുകയും, തന്മൂലം ദൈനംദിന പ്രവർത്തനങ്ങളിൽ കുറവ് വരികയും ചെയ്യുന്നു.*
*6. അനുയോജ്യരായ തൊഴിലാളികൾ:-*
*ബിസിനസ്സ് പ്രവർത്തനമുൾപ്പെടെ ഏതു കാര്യവും പ്രയോഗത്തിലെത്തിക്കാൻ നമ്മെ സഹായിക്കുന്നത് അനുയോജ്യരായ, ആത്മാർത്ഥതയുള്ള, കഴിവുള്ള തൊഴിലാളികളാണ്. അതുകൊണ്ടു തന്നെ ഇവരെ നമുക്ക് ലഭ്യമാക്കുവാൻ അവർക്കു യോജിച്ച പ്രതിഫലം കൊടുക്കേണ്ടിവരും. പ്രതിഫലത്തിൽ കുറവ് വരുത്തിയാൽ മേല്പറഞ്ഞ കാര്യങ്ങളിലും കുറവുണ്ടാകുമെന്ന് മനസ്സിലാക്കുക.*
*7. കാര്യങ്ങൾ തൊഴിലാളികൾക്ക് ഏൽപ്പിച്ചു കൊടുക്കൽ:-*
*സംരംഭകൻ തന്നെ എല്ലാം സ്വയം ചെയ്യണമെന്ന വാശി ഉപേക്ഷിച്ചു അനുയോജ്യരായ തൊഴിലാളികൾക്ക് ജോലി ഭാഗിച്ചു നൽകുക. ഇതിനുവേണ്ടി സംരംഭകൻ സ്ഥാപനത്തിന്റെ പ്രോസസ്സ് ശക്തമാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ എത്ര മാത്രം യോഗ്യരായവരെ ഏൽപ്പിക്കുന്നോ അത്രയും സമയം ബിസിനസ്സിന്റെ വളർച്ചയ്ക്കുള്ള കാര്യത്തിൽ ശ്രദ്ധിക്കാൻ സംരംഭകന് കഴിയുന്നു.*
*8. ഒരു ഉപദേശകന്റെ/ കൺസൾട്ടന്റിന്റെ ആവശ്യകത:-*
*പൊതുവെ ഒരു കോച്ചിന്റെ അഭാവം ബിസിനസ്സിന്റെ പ്രോസസ്സിന്റെയും, വളർച്ചയുടെയും തോത് കുറയാൻ കാരണമാകാറുണ്ട്. അതാത് മേഖലയിൽ പ്രാവീണ്യം നേടിയവരിൽ നിന്നും പ്രൊഫഷണൽ സഹായം എടുക്കുന്നത് സ്ഥാപനത്തിന്റെ പ്രോസസ്സ് മെച്ചപ്പെടുത്തുന്നതിനും, അതുവഴി സുഗമമായ നടത്തിപ്പിനും, സംരംഭകന്റെ മാനസിക സംഘർഷം കുറക്കുന്നതിനും, ലാഭസാധ്യത കൂട്ടുന്നതിനും, ലക്ഷ്യബോധത്തിൽ ഉറച്ചുനിൽക്കുന്നതിനും, വളർച്ചക്കും സഹായകമാകും.*
*9. അതാത് മേഖലയിൽ ജോലി ചെയ്തുള്ള പ്രാവീണ്യം:-*
*നാം ഉദ്ദേശിക്കുന്ന ബിസിനസ്സിന് അതുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ കുറച്ചുകാലമെങ്കിലും ജോലി ചെയ്ത് പരിചയം സിദ്ധിക്കുന്നതും വിജയസാധ്യത കൂട്ടാൻ സഹായകമാണ്.*
*10. മാർക്കറ്റിംഗിലെ അതീവശ്രദ്ധ:-*
*എത്ര നല്ല പ്രോഡക്റ്റും കസ്റ്റമർ സ്വീകരിക്കാൻ മാർക്കറ്റിംഗ് സ്ട്രാറ്റജികൾ ഫലത്തിൽ കൊണ്ടുവരേണ്ടതാണ്. പ്രോഡക്റ്റ് ക്വാളിറ്റി ഉണ്ടാവണമെന്ന് ആവശ്യം തന്നെ, പക്ഷെ അതിൽ മാത്രം ശ്രദ്ധ കൊടുക്കുകയും മാർക്കറ്റിങ്ങിൽ ശ്രദ്ധ ചെലുത്താതെയും ഇരുന്നാൽ ബിസിനസ്സ് വളർച്ചക്ക് ഇത് ഒരു വിലങ്ങുതടിയാകും. സെയിൽസ് ടീം ഇല്ലെങ്കിലും സെയിൽസ് ഉണ്ടാവും എന്ന ധാരണ, മാർക്കറ്റിൽ പോയില്ലെങ്കിലും ബിസിനസ്സ് നടക്കുമെന്നും, നമ്മുടെ പ്രോഡക്റ്റ് ആവശ്യക്കാർ ഇങ്ങോട്ടു വന്നു വാങ്ങിക്കുമെന്നും, എന്റെ പ്രോഡക്റ്റ് ഏറ്റവും നല്ലത്, ജനങ്ങൾക്ക് ഇത് അറിയാം, അതിനു കോംപെറ്റീഷൻ ഇല്ല, പരസ്യം/ ബ്രാൻഡിംഗ് ആവശ്യമില്ല എന്നിങ്ങനെയുള്ള മൂഢ ചിന്തകൾ ഒഴിവാക്കുക. മനസിലാക്കുക, നമുക്ക് മാത്രമാണ് നമ്മുടെ സ്ഥാപനവും, പ്രോഡക്ടസും വലുത്, ജനങ്ങളെ സംബന്ധിച്ചു ഇത് ഒരുപാട് എണ്ണങ്ങളിൽ ഒന്നുമാത്രമാണ്.*
*11. ബിസിനസ്സ് എപ്പോഴും ലൈവ് ആയി നിലനിർത്തുക*
*ഏതു മാർക്കറ്റിംഗ് സ്ട്രാറ്റജികളും ഇടക്കുവെച്ചു നിർത്താതെ തുടർച്ചയായി ചെയ്താൽ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടുകയുള്ളു. ബിസിനസ്സ് എപ്പോഴും ലൈവ് ആയി നിലനിർത്തുന്നവർക്ക് മാത്രമേ കോംപെറ്റീഷനെ അതിജീവിച്ചു സ്ഥിരമായി ബിസിനസ്സ് ഉണ്ടാവുകയുള്ളു. ജനങ്ങളുടെ മനസ്സിൽ എപ്പോഴും ഒരു ഓളം സൃഷ്ടിക്കാൻ സ്ഥാപനത്തിന് കഴിയണം; അത് പരസ്യം മൂലമോ, മറ്റു പ്രൊമോഷൻസ് മൂലമോ, സെയിൽസ് ആക്ടിവിറ്റീസ് മൂലമോ, കസ്റ്റമർ ആക്ടിവിറ്റീസ് മൂലമോ ആവാം.*
*12. ഭാവിയിലെ ചിലവുകൾ അധികമാകുമെന്ന രീതിയിൽ പ്ലാൻ ചെയ്യുക:-*
*ബിസിനസ്സ് പ്ലാൻ തയ്യാറാക്കുന്ന സമയം തന്നെ ഭാവിയിൽ വരാവുന്ന ചിലവുകൾ പ്രതീക്ഷിക്കുന്നതിനേക്കാൾ അധികമാകും എന്ന രീതിയിൽ പ്ലാൻ ചെയ്യുക. ഇത് ബിസിനസ്സ് പ്രവർത്തനങ്ങൾ കൂടുതലായി ചെയ്യുവാനും അതുവഴി ലാഭമുണ്ടാക്കാനുള്ള സാഹചര്യം കൂടുതൽ ആക്കുകയും ചെയ്യുന്നു.*
*13. ലോകത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാവുക:-*
*മാറ്റങ്ങൾ ഏതുതരത്തിലും ആകാം; നിയമപരമോ, പാരിസ്ഥിതികമോ, കാലാവസ്ഥക്കനുസരിച്ചോ, കസ്റ്റമറിന്റെ വാങ്ങൽ ബിഹേവിയറോ, ടെക്നോളജിയിലെ വ്യതിയാനങ്ങളോ, കോംപെറ്റീഷന്റെ കടന്നുകയറ്റമോ അങ്ങിനെ എന്തും.*
*14. ബിസിനസ്സ് തുടങ്ങുന്നതിന്റെ പിന്നിലെ പ്രതിബദ്ധത മനസ്സിൽ ഉറപ്പിക്കുക:-*
*ഏതു സാഹചര്യത്തിലും ഈ പ്രതിബദ്ധതയിൽ നിന്നും വ്യതിചലിക്കാതിരിക്കാൻ മനസ്സിനെ പാകപ്പെടുത്തുക. ഇതൊരുപക്ഷെ, സാമ്പത്തിക, മാനസിക ബുദ്ധിമുട്ട് മൂലമോ, അല്ലെങ്കിൽ മറ്റുള്ളവരുടെ അഭിപ്രായ, ആക്ഷേപങ്ങൾ മൂലമോ ആവാം.*
*ഈ പോസ്റ്റ് സമയമെടുത്ത് വായിച്ചതിന് താങ്കൾക്ക് നന്ദി പറയുന്നു. ഈ പോസ്റ്റ് ഗുണകരമാണെങ്കിൽ താങ്കളുടെ ബിസിനസ്സ് സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്യുമല്ലോ?*