27/08/2026
*റെയിൽവേ പരിസരം മലിനമാക്കിയാൽ പിഴ 500ൽ നിന്ന് 1000 ആക്കി*
*ന്യൂഡൽഹി:* റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി പിഴ 1000 രൂപയാക്കി. നേരത്തെ ഇത് 500 രൂപയായിരുന്നു. 2012 ലെ റെയിൽവേ ചട്ടത്തിലാണ് ഭേദഗതി വരുത്തിയത്. തിങ്കളാഴ്ച മുതൽ ഇതു പ്രാബല്യത്തിലായി.
പിഴയടച്ചില്ലെങ്കിൽ കോടതിയിൽ ഹാജരാക്കും. കോടതിക്ക് 2,000 രൂപ വരെ പിഴ ചുമത്താമെന്നും വ്യവസ്ഥയുണ്ട്. സ്റ്റേഷൻ മാസ്റ്റർ, സ്റ്റേഷൻ മാനേജർ, ടിക്കറ്റ് കലക്ടർ റാങ്കിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥൻ എന്നിവർക്ക് പിഴ ചുമത്താൻ അധികാരമുണ്ടാകും.
ട്രെയിനിലോ റെയിൽവേ പരിസരങ്ങളിലോ മാലിന്യം നിക്ഷേപിക്കുക, അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യുക, തുപ്പുക, മല, മൂത്ര വിസർജനം, മൃഗങ്ങൾക്കോ പക്ഷികൾക്കോ ഭക്ഷണം നൽകുക, തുണി കഴുകുക, വാഹനങ്ങൾ കഴുകുകയോ നന്നാക്കുകയോ ചെയ്യുക തുടങ്ങിയവയ്ക്ക് പിഴ ബാധകമാണ്. ഇതിനു പുറമേ റെയിൽവേയുടെ സ്വത്തുക്കൾ വികൃതമാക്കുക, അനധികൃത ചുവരെഴുത്തുകൾ, പോസ്റ്ററുകൾ എന്നിവയും കുറ്റകരമാണ്.