Ulike International

Ulike International Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ulike International, Internet Marketing Service, Doha.

15/08/2016

പള്ളിയില്‍ നിന്നും ജുമുഅ കഴിഞ്ഞ് ഇറങ്ങിയതാണ്. പുറത്തിറങ്ങി ഷൂ തിരഞ്ഞ്പിടിച്ച് സോക്സ്‌ ഇടുന്ന സമയത്താണ് പള്ളിയുടെ ഗേറ്റിന്‍റെ മുന്നില്‍ പരിചയമുള്ള ഒരു മുഖം തട്ടം വിരിച്ച് നില്‍ക്കുന്നത് അവന്‍റെ കണ്ണിലുടക്കിയത്. വേഗം സോക്സ്‌ വലിച്ച് കയറ്റി അവന്‍ അങ്ങോട്ട്‌ നടന്നു....
"ഉമ്മാ....... നജീബിന്‍റെ ഉമ്മയല്ലേ.... ഇങ്ങളെന്താ ഇവിടെ"
അത് കേട്ട ഉടനെ ആ ഉമ്മ ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കി... ആ മുഖത്ത് വല്ലാത്ത കുറ്റബോധവും നാണക്കേടും കാണാമായിരുന്നു. പള്ളി കഴിഞ്ഞ് ആളുകളൊക്കെ പുറത്ത് വരുന്ന സമയമായോണ്ട് അതികമൊന്നും ആ ഉമ്മാട് ചോദിക്കാന്‍ സൈഫു മുതിര്‍ന്നില്ല. അവന്‍ കുറച്ച് അകലേക്ക് മാറി നിന്നു.

പള്ളി കഴിഞ്ഞ് പുരത്തിറങ്ങുന്നവരില്‍ പകുതി പേരും നജീബിന്‍റെ ഉമ്മ വിരിച്ച ആ ചെറിയ തട്ടം കണ്ടിട്ടും കാണാത്തപോലെ മൊബൈല്‍ ഫോണും എടുത്ത് മുന്നിലൂടെ പോയി. ചിലര്‍ അതിലേക്ക് പോക്കറ്റിലേ ഏറ്റവും മൂല്യം കുറഞ്ഞ തുട്ടുകള്‍ എടുത്തിട്ടു.. ചിലര്‍ തന്‍റെ ധാര്‍ഷ്ട്യം അഞ്ച് രൂപയുടെ തുട്ട് അവരുടെ തട്ടത്തിലേക്ക് എറിഞ്ഞ് കൊടുത്തും നടന്നു നീങ്ങി... എല്ലാം കണ്ട് സൈഫു കുറച്ചകലെ മാറി ആ ഉമ്മയെ നോക്കിക്കൊണ്ട് നിന്നു.

അവരുടെ മുഖം അവന്‍റെ മനസ്സില്‍ നിന്ന് മായുന്നില്ല.... തന്‍റെ ചെങ്ങായി നജീബിന്‍റെ ഉമ്മ.... പ്ലസ്ടൂവില്‍ തന്നെക്കാള്‍ നല്ല മാര്‍ക്ക് ഉണ്ടായിട്ടും ഡിഗ്രിക്ക് പോകാതെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയി ജോലിക്ക് പോകുന്ന അവനോട് എത്രയോ വട്ടം ചോദിച്ചിരിക്കുന്നു... "അളിയാ നിനക്ക് നല്ല മാര്‍ക്ക് ഉണ്ടല്ലോടാ ഡിഗ്രിക്ക് ഗവണ്മെന്റില്‍ കിട്ടാനുള്ള മാര്‍ക്ക് ഉണ്ട്... പഠിക്കാന്‍ പോയ്ക്കൂടെ അളിയാ " എന്ന്...
അതിനവന്‍ അന്ന് പറഞ്ഞ മറുപടി ഇത്തരത്തില്‍ ഒരു കുടുംബ സാഹചര്യം അവന്‍റെ ഉമ്മ വഴി തന്‍റെ കണ്ണ് നനക്കുമെന്ന് താന്‍ കരുതിയില്ല...
"പഠിക്കാന്‍ ആഗ്രഹമൊക്കെ ഉണ്ടെടാ... ഗവണ്മെന്റില്‍ കിട്ടിയാല്‍ പിന്നെ അതികം ഫീസും വേണ്ടി വരില്ല... പക്ഷെ ഉമ്മാനെ എത്രയാന്ന് വെച്ചിട്ടാടാ വല്യ വീട്ടിലേക്ക് പറമ്പ് നനക്കാനും അടുക്കളപ്പണിക്കും വിടുക... പാവാ ഡാ എന്‍റെ ഉമ്മ... ആകെ എല്ലും തോലുമായിരിക്കുന്നു.... കല്യാണപ്രായം കഴിഞ്ഞ ഒരു താത്തയും വീട്ടിലുള്ളത് നിനക്കറിയാലോ" എന്നാണ്....

ശെരിയാണ് അവന്‍റെ ഉമ്മ എല്ലും തോലുമായിരിക്കുന്നു... കണ്ണുകള്‍ കുഴിയിലേക്ക് പോയിരിക്കുന്നു.... എടുത്തണിഞ്ഞ മുഷിഞ്ഞ പര്‍ദ്ദയിലൂടെയും എല്ല് മുഴച്ച് നില്‍ക്കുന്നുണ്ട്.... കണ്ണില് പെയ്ത് മരിച്ച ഒരു മഴക്കാലം വെറുങ്ങലിച്ച് നില്‍ക്കുന്നുണ്ട്...
എന്ത് പറ്റി ഈ ഉമ്മാക്ക് നാട്ടില്‍ നിന്നും ഒരുപാട് ദൂരെയുള്ള ഈ പള്ളിയില്‍ തന്നെ വന്നു യാചിക്കാന്‍... ? അത്രക്കും ദാരിദ്ര്യമായോ ആ കുടുംബത്തിന്...? ചോദ്യങ്ങളൊക്കെ അവനില്‍ നിന്നും ആ ഉമ്മ നില്‍ക്കുന്ന സ്ഥലത്തിലേക്ക് പോകാന്‍ കഴിയാതെ പകുതി വെച്ച് മുറിഞ്ഞു... അന്നേരം ആ ഉമ്മ ദൂരെ നിന്ന് സൈഫുവിനെ വീണ്ടും കണ്ടു... പെട്ടന്ന് ആ ഉമ്മ തന്നോട് പോകല്ലേ അവിടെ നില്‍ക്ക് എന്ന് കണ്ണുകള്‍ കൊണ്ട് പറയുന്നതായി തോന്നി സൈഫുവിന്.. ജുമുഅ നിസ്കരിച്ച് പുറത്തിറങ്ങിയവരിലെ അവസാനത്തെ ആളിലെ അവസാനത്തെ തുട്ടും ആ തട്ടം സ്വീകരിച്ചപ്പോള്‍ കിട്ടിയ പൈസ കൂട്ടിവെച്ച് ആ ഉമ്മ തന്‍റെ തട്ടം കോരിയെടുത്തു.

മെല്ലെ സൈഫു നില്‍ക്കുന്നിടത്തേക്ക് നടന്നടുത്തു....
"സൈഫുമോനല്ലേ...... മനസ്സിലാവാഞ്ഞിട്ടല്ല.... ഉമ്മാക്ക് നിന്നെ കണ്ടപ്പോള്‍ പേടിയായി... ഇയ്യ് നജീബിനോട് പറയോ എന്ന പേടികൊണ്ടാ ഞാന്‍....."
മുഴുവനാക്കാന്‍ കഴിയാതെ ആ ഉമ്മയൊന്നു വിങ്ങിപ്പൊട്ടി...
"കരയല്ലേ ഉമ്മാ.... ഞാനൊന്നും ആരോടും പറയൂല.. ഇങ്ങള് വരിന്‍ നമുക്ക് എന്‍റെ കോളേജ് കാന്റീനില്‍ നിന്ന് എന്തേലും കഴിച്ച് സംസാരിക്കാം.. ഈ പൊരി വെയിലത്ത് കുറേ നേരായില്ലേ നിക്കാന്‍ തുടങ്ങീട്ട്... "
അത്രയും പറഞ്ഞ് അവനാ ഉമ്മയെ തന്‍റെ കോളേജ് കാന്റീനിലേക്ക് കൂട്ടി നടന്നു.

"കൃഷ്ണേട്ടാ രണ്ട് ചായയും ... പൊറോട്ടയും" സൈഫു കാന്റീനില്‍ എത്തിയപാടെ വിളിച്ച് പറഞ്ഞു...
"ഇക്ക് വേണ്ട മോനെ... വെശപ്പൊന്നും ഇല്ലാ ഉമ്മാക്ക്"
"അത് പറ്റില്ല..... ഇത്രയും ദൂരം വന്നിട്ട് ഒന്നും കഴിക്കാതെ എങ്ങനെയാ..."
സൈഫുന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ആ ഉമ്മാടെ മുന്നില്‍ പൊറോട്ടയും കൃഷ്ണേട്ടന്‍റെ സ്പെഷ്യല്‍ ചിക്കന്‍ കറിയും സ്ഥാനമുറപ്പിച്ചു.
അത് കഴിച്ച് കൊണ്ടിരിക്കെ ആ ഉമ്മ സൈഫുനോട് ചോദിച്ചു....
"മോന്‍ ഇവിടെയാണോ പഠിക്കുന്നത്.... ? ഇക്ക് അറിയില്ലായിരുന്നു... അറിഞ്ഞെങ്കില്‍ ഞാന്‍ വരൂലായിരുന്നു..."
അത്രയും പറഞ്ഞപ്പോള്‍ വായില്‍ വെച്ച പൊറോട്ടക്കഷ്ണം ഇറങ്ങാതെ കണ്ണ് നിറച്ച് ആ ഉമ്മ ഒന്ന് തേങ്ങി...

"കരയല്ലേ ഉമ്മാ...... ഞാന്‍ ആരോടും പറയൂല... എന്നാലും ഇങ്ങളും എനിക്ക് എന്‍റെ ഉമ്മയെപ്പോലെയാ... ഇങ്ങനെ.. നിങ്ങളെ ഇവിടെ കണ്ടപ്പോള്‍ എന്തോ വല്ലാതായി... നജീബ് കാഷ് വീട്ടില്‍ തരുന്നില്ലേ.... പിന്നെ എന്താ ഇങ്ങനെ ആവാന്‍"
സൈഫു അത്രയും പറഞ്ഞപ്പോള്‍ ആ ഉമ്മ തന്‍റെ തട്ടം കൊണ്ട് വീണ്ടും തന്‍റെ കണ്ണ് തുടച്ച് ചായ ഒരു വലിക്ക് മോന്തിക്കുടിച്ചു...
"ഹേയ്.... നജിമോന്‍ പാവാ മോനെ,..... അവന്‍ അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന കാഷ് കൊണ്ട് തന്നെയാ എല്ലാം നടന്ന് പോകുന്നത്.... ഓന്‍റെ ഉപ്പാന്‍റെ ക്ഷയരോഗത്തിനുള്ള മരുന്നും ചികിത്സയും ഒക്കെ അവനാ നോക്കുന്നത്.. പഴയപോലെ എന്നെ ഒരു പണിക്കും വിടുന്നില്ല... എല്ലാം ഇന്‍റെ കുട്ടീടെ ചുമലിലാ... ഇടക്കൊക്കെ അവനെ കാണുമ്പോള്‍ കരയാനല്ലാതെ ഈ എനിക്ക് വേറെ എന്തിനാ കഴിയാ... ഇന്‍റെ കുട്ടിക്ക് സ്വസ്ഥതയോടെ ഒരു ദിവസം പോലും ഉറങ്ങാന്‍ പറ്റിയിണ്ടാവില്ല.... മൂത്ത മോള്‍ ഹാജറാക്ക് വരുന്ന കല്യാണമൊക്കെ മുടങ്ങിപ്പോവാ.... എല്ലാതും പണത്തിന്‍റെ പേരിലാ... അതൊക്കെ കാണുമ്പോള്‍ സഹിക്കാന്‍ പറ്റാതെ അകലെയുള്ള ഒരു കൂട്ടുകാരിയുടെ വീട്ടിലേക്കാണ് എന്ന് നജീബിനോട് നുണ പറഞ്ഞ് പോന്നതാ.. ഇങ്ങനെ തട്ടം നിരത്തി ഇരക്കാന്‍....അപ്പൊ അവനറിയാത്ത പള്ളിതേടി ഇവിടെ എത്തി..."

അത്രയും കേട്ടപ്പോള്‍ സൈഫുവിന്‍റെ അടക്കിപ്പിടിച്ച കണ്ണുനീര് കാന്ടീനിലെ ഡസ്കില്‍ പതിഞ്ഞു.... യാ റബ്ബ്...... ഞാനൊക്കെ ദിവസവും സ്വര്‍ഗ്ഗത്തിലല്ലേ ജീവിക്കുന്നത്.... പഠിക്കുന്നത്..... തിന്നുന്നത്.... കിടക്കുന്നത്..... കോളെജിലേക്ക് ആയിരം വേണം എന്ന് പറഞ്ഞാല്‍ 'ഉപ്പാടെ അലമാറയില്‍ നിന്നെടുത്തോ' എന്ന് പറയുന്ന ഉമ്മ..... അളിയന് നൂറ് പവനും ഒരു സ്വിഫ്റ്റ് കാറും കൊടുത്ത് പെങ്ങളെ കെട്ടിച്ച മുന്തിയ തറവാട്ടിലെ ഒരേ ഒരു ആണ്‍കുട്ടി... സൗകര്യങ്ങളുടെ പെരുമഴക്കാലമാണ് തന്നില്‍.... ഇപ്പോള്‍ ഈ കേട്ടതോ.... തന്‍റെ കൂടെ പ്ലസ്ടൂ വരെ പഠിച്ച ചെങ്ങാതിയുടെ കണ്ണ് നിറക്കുന്ന ജീവിത കഥ.... പക്ഷെ അവനിതൊന്നും ആരോടും പറഞ്ഞിരുന്നില്ലല്ലോ റബ്ബേ..... ക്ലാസില്‍ നിന്ന് ടൂര്‍ പോകുമ്പോള്‍ എല്ലാവരും പേര് കൊടുത്തു.. അവനോഴിച്ച്.... അന്ന് താനടക്കമുള്ളവരെല്ലാം അവനെ പിന്തിരിപ്പന്‍ എന്നും സ്കൂള്‍ ജിവിതം എന്ജോയ്‌ ചെയ്യാത്തവന്‍ എന്നും പേരെടുത്ത് പറഞ്ഞ് എത്രയോ കളിയാക്കിയിരിക്കുന്നു... ടൂര്‍ കഴിഞ്ഞ് വന്നപ്പോള്‍ ടൂറിലുണ്ടായ രസകരമായ നിമിശങ്ങള്‍ പറഞ്ഞ് അവനെ എത്ര കൊതിപ്പിച്ചിരിക്കുന്നു...... ഇന്ന് അവന്‍റെ ഉമ്മ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ കാണുന്നുണ്ട് കണ്ണിലൊരു നനവ്‌ പടര്‍ത്തിയ നജീബിനേ.....

യാ റബ്ബ്..... ഞാന്‍ ധിക്കാരിയായി കാലം കഴിക്കുകയായിരുന്നോ..... എന്‍റെതല്ലാത്ത പ്രശ്നങ്ങളൊന്നും എന്നെ ബാധിച്ചില്ലായിരുന്നു... പക്ഷെ ഇത്..... ഈ ഉമ്മാക്ക് പകരം തന്‍റെ ഉമ്മയാണ്‌ ഇങ്ങനെ നിന്നിരുന്നത് എങ്കിലോ... ബിസിനസ്സുമായി ഓടിപ്പായുന്ന തന്‍റെ ഉപ്പാക്കാണ് ക്ഷയരോഗം പിടിപെട്ട് കിടക്കയില്‍ ജീവിതം തള്ളിനീക്കേണ്ടി വന്നെങ്കിലോ.... പഠിക്കാന്‍ ആഗ്രഹവും നല്ല മാര്‍ക്കും ഉണ്ടായിട്ടും നാട്ടിലെ മുഴു പിശുക്കനായ അബൂബക്കര്‍ ഹാജിയുടെ അടിമപ്പണിക്കാരനായി സൂപ്പര്‍ മാര്‍ക്കറ്റില്‍ താനാണ് ഇരിക്കേണ്ടത് എങ്കിലോ...... അള്ളാഹ് ഓര്‍ക്കാന്‍ കൂടി വയ്യ...... വിധി എന്തൊരു ക്രൂരതയാണ് കാണിക്കുന്നത് ഈ ഉമ്മാനോടും ആ മകനോടും.... പലതും ആലോചിച്ച് കണ്ണ് നിറച്ചപ്പോള്‍ ആ ഉമ്മ തുടച്ചിട്ടും തുടച്ചിട്ടും കണ്ണീര് നില്‍ക്കാത്ത തന്‍റെ കണ്ണിനെ പ്രാകുകയായിരുന്നു...

കാന്ടീനിലെ കാഷ് കൊടുത്ത് അവനാ ഉമ്മയേയും കൂട്ടി നടന്ന് നീങ്ങി.... വഴിയരികില്‍ കണ്ട ഏ.ടി.എമ്മിലേക്ക് അവന്‍ കയറി....
സെമസ്റ്റര്‍ ഫീസ്‌ കൊടുക്കാറായി എന്നപേരില്‍ ഉപ്പാനോട് നുണ പറഞ്ഞ് കൂട്ടുകാരുമൊത്ത് ഗോവയിലേക്ക് ടൂര്‍ പോകാന്‍ വേണ്ടി വാങ്ങിയ പന്ത്രണ്ടായിരം രൂപ മുഴുവനായും എടുത്തു... വീണ്ടും നടക്കവേ ആ ഉമ്മാടെ ബാഗ് ചോദിച്ച് വാങ്ങി... അതിലേക്ക് ആ പന്ത്രണ്ടായിരം രൂപ മടക്കി വെച്ചുകൊടുത്തു... അത്രയും കാഷ് തന്‍റെ ബാഗില്‍ വെക്കുന്നത് കണ്ട ആ ഉമ്മ അവനെ വിലക്കി....
"നീ എന്താണ് മോനെ കാണിക്കുന്നത്.... ഇത്രയും കാഷ് നിനക്കെവിടുന്നാ... വേണ്ട ഉമ്മാക്ക് വേണ്ടമോനെ..."

ആ ഉമ്മ അത്രയും പറഞ്ഞപ്പോള്‍ സൈഫു ഉമ്മാനെ അടുത്ത് നിര്‍ത്തി പറഞ്ഞു...
"ഉമ്മാ... ഇങ്ങടെ മകന്‍ നജീബാണ്‌ ഇങ്ങനെ കുറച്ച് കാഷ് തരുക എന്നുവെച്ചാല്‍ നിങ്ങള് അത് വാങ്ങൂലേ.... ഞാനും വേറെരു നജീബാണ്‌ ഉമ്മാ... ഇത് പൊരുത്തമുള്ള കാശാണ്... ഇതിന് ഏറ്റവും അര്‍ഹതയും നിങ്ങള്‍ക്കാണ്... പന്ത്രണ്ടായിരം രൂപ നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഒന്നും ആവില്ല എന്നറിയാം ... പക്ഷെ എന്നെകൊണ്ട്‌ ഇപ്പോള്‍ കഴിയുന്നത് ഇത്രയാണ്.. വൈകാതെ ഉമ്മാടും ഉപ്പാടും പറഞ്ഞ് ഞങ്ങളാല്‍ കഴിയുന്നത് ചെയ്യാം.... "
അത്രയും പറഞ്ഞ് അവനാ ഉമ്മയെ സ്നേഹത്തോടെ നോക്കി.... അതുവരെ തേങ്ങിക്കരഞ്ഞ ഉമ്മ ഒന്ന്കൂടി വിങ്ങിപ്പൊട്ടി അവനെ പുണര്‍ന്നു.....
"ഇന്‍റെ കുട്ടീനെ പടച്ചോന്‍ കാക്കും" അത്രയും പറഞ്ഞ് സ്നേഹത്തോടെ ആ ഉമ്മ അവനെ പുണര്‍ന്നു.... റോഡ്‌ സൈഡാണെന്ന് കൂടി അവന്‍ മറന്നു... ആ ഉമ്മാടെ മുഷിഞ്ഞ പര്‍ദ്ദക്ക് സ്വര്‍ഗ്ഗത്തിലെ അത്തറിന്‍റെ മണമുള്ളതായി തോന്നി അപ്പോളവന്....

ഒരു ഓട്ടോറിക്ഷയും പിടിച്ച് അതിന്‍റെ കാഷും കൊടുത്ത് ഏല്പിച്ച് ആ ഉമ്മാനെ വീട്ടിലേക്ക് യാത്രയാക്കി അവന്‍ തിരിച്ച് നടക്കുമ്പോള്‍ അവന്‍റെ മനസ്സ് നിറഞ്ഞിരുന്നു..... പെട്ടന്ന് തന്‍റെ ഉപ്പാക്ക് അവന്‍ ഫോണ്‍ വിളിച്ചു...
"ഉപ്പാ.. എന്നോട് നിങ്ങള് പൊറുക്കണം..... ഒരുപാട് തവണ നുണ പറഞ്ഞ് കാഷ് വാങ്ങിയിട്ടുണ്ട് പലതിനും.... പക്ഷെ മിനിഞ്ഞാന്ന് സെമസ്റ്റര്‍ ഫീസ്‌ കൊടുക്കാനെന്ന പേരില്‍ വാങ്ങിയ പന്ത്രണ്ടായിരം എനിക്ക് പൊരുത്തപ്പെട്ട് തരണം.... അത് മാത്രം ഉപ്പ എനിക്ക് പൊരുത്തപ്പെട്ട് തരണം.... അത് അതിന് അര്‍ഹതപ്പെട്ട കൈകളില്‍ ഞാന്‍ എല്പിച്ചിട്ടുണ്ട്"
മറു തലക്കല്‍ ഉപ്പ പറഞ്ഞൊരു മറുപടിയും വല്ലാതെ കനമുള്ളതായിരുന്നു...
"മോനെ,... സൈഫൂ... അത് മാത്രമല്ല നിനക്ക് നിന്‍റെ ചെറിയ ആവിശ്യങ്ങള്‍ക്ക് നീ നുണ പറഞ്ഞിട്ടാണെങ്കിലും നീ വാങ്ങിയ എല്ലാ കാശും ഉപ്പ പൂര്‍ണ്ണ പൊരുത്തത്തോടെ തന്നതാണ്.... എനിക്ക് മാത്രമല്ല എല്ലാ ഉപ്പമാര്‍ക്കും മക്കള് നുണപറഞ്ഞ് വാങ്ങുന്നതും ആവിശ്യത്തിന് വാങ്ങുന്നതും വേര്‍തിരിച്ച് അറിയാന്‍ കഴിയും... ചില ഉപ്പമാര് അത് മക്കളിലൂടെ തിരുത്തും.. ചിലര് എന്നെപോലെ മക്കള്‍ക്ക് സത്യം പറയാനുള്ള മനസ്സ് കിട്ടും വരെ ഇതാ.. എന്നെപ്പോലെ ഇതുവരെ ക്ഷമിച്ച് കൊടുക്കും.... ഇക്ക് നീയായിട്ട് ഒരേ ഒരു മകാനല്ലെടാ ഉള്ളൂ.... നിനക്കല്ലാതെ മറ്റാര്‍ക്കാ ഞാന്‍ അദ്വാനിക്കുന്നത്...."
നിറഞ്ഞ കണ്ണിലേക്ക് വീണ്ടും വീണ്ടും മഴക്കാലം ചേക്കേറിയപോലെ സൈഫു വീണ്ടും കരഞ്ഞു..... ഉപ്പാനോട് സലാം പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ ഗോവയിലേക്ക് ടൂര്‍ പോകാന്‍ പ്ലാന്‍ ഇട്ട ചെങ്ങാതി അവനെ വിളിച്ചു...

ഫോണ്‍ എടുത്ത ഉടനെ മറുതലക്കല്‍ കൂട്ടുകാരന്‍ പറയുന്നുണ്ടായിരുന്നു....
"അളിയാ വണ്ടി ബുക്ക് ചെയ്തുട്ടോ.... അപ്പൊ നമ്മള് ഈ ശെനിയാഴ്ച ഗോവയെന്ന സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നു.... നീ അരുണിനോടും ഷജീര്‍നോടും വിളിച്ച് പറഞ്ഞേക്ക്... ബാക്കിയുള്ളവര്‍ക്ക് ഞാന്‍ വിളിച്ചോളാം"
പെട്ടന്ന് സൈഫു തന്‍റെ കണ്ണ് തുടച്ച് ഒന്ന് ചിരിച്ചു.. എന്നിട്ട് അവനോടായ് പറഞ്ഞു...
"അളിയാ...... ഞാന്‍ ഒഴിവാകുവാടാ ടൂറില്‍ നിന്ന്.... പന്ത്രണ്ടായിരം കൊടുത്ത് ഗോവയെന്ന നിങ്ങളുടെ മാത്രം സ്വര്‍ഗ്ഗത്തിലേക്ക് ഞാനില്ല...... അതേ പന്ത്രണ്ടായിരം കൊണ്ട് ഞാനിന്ന് ശെരിക്കുമുള്ള സ്വര്‍ഗ്ഗത്തില്‍ പോയിരുന്നുടാ... പള്ള നിറയെ ഹൌളുല്‍ കൌസറുകുടിച്ച സന്തോഷമുണ്ടെടാ ഇപ്പോള്‍..... ഞാനില്ല.... നിങ്ങളെന്നോട് ക്ഷമിക്ക്"
അത്രയും പറഞ്ഞ് ഫോണ്‍ വെച്ച് നടക്കവേ.... അന്ന് വരെ അവനെ തലോടിയിട്ടില്ലത്ത നന്മയുടെ മാലാഖമാര്‍ അവന് ചുറ്റും കാവല് തീര്‍ക്കുകയായിരുന്നു..........!

(സൈഫുവിനേ പരിചയപ്പെടുത്താനല്ല ഇതെഴുതിയത്.... സൈഫു ആയിരത്തില്‍ ഒരുവനാവാം... പക്ഷെ ആ ഉമ്മ നമുക്ക് ചുറ്റിലുമുണ്ട്... വെള്ളിയാഴ്ച പള്ളിക്ക് പുറത്ത് തട്ടം വിരിച്ചും ഷാള് വിളിരിച്ചും... അമ്പലത്തിന് പുറത്തും കൈ നീട്ടിയും നില്‍ക്കുന്ന ഉമ്മമാരെയും അമ്മമാരെയും കണ്ടിട്ടില്ലേ നിങ്ങള്‍... ഉണ്ട് നമ്മള്‍ കണ്ടിട്ടുണ്ട്....... നിസ്കാരവും പ്രാര്‍ഥനയും കഴിഞ്ഞ് ദൈവത്തിന്‍റെ സ്പര്‍ശം കിട്ടിയെന്ന് സ്വയം അഹങ്കരിച്ച് വരുന്ന നമുക്ക് പുറത്ത് വിരിച്ച് യാചിക്കുന്നവരുടെ പാത്രവും തുണിയും കാണുമ്പോള്‍ അറപ്പും വെറുപ്പും തോന്നാറുണ്ടോ.. എങ്കില്‍ ഉറപ്പിക്കുക... പടച്ചോന്‍ നിന്‍റെ പ്രാര്‍ത്ഥന സ്വീകരിച്ചിട്ടില്ല..... നിങ്ങള്‍ പടച്ചോന്‍റെ ഭവനം സ്പര്‍ശിച്ചു എന്നല്ലാതെ,... പടച്ചോന്‍ നിങ്ങളുടെ മനസ്സിനെ സ്പര്‍ശിച്ചിട്ടില്ല....
നിങ്ങള്‍ക്കറിയോ ഓരോ മഹല്ലിലും വെള്ളിയാഴ്ച ആ പള്ളിയിലെ ഖത്തീബിന് ലഭിക്കുന്നതില്‍ കൂടുതല്‍ മയ്യിത്ത് നിസ്കരിക്കാനുള്ള കുറിപ്പ് മാത്രമല്ല.... മക്കളെ കെട്ടിച്ചയക്കാന്‍ കഴിവില്ലാത്ത ഉമ്മമാരുടെ ഇരക്കാനുള്ള അനുമതി ചോദിച്ചുള്ള അപേക്ഷ കൂടിയാണ്... അതേ... പള്ളിമുറ്റത്ത് വിരിക്കുന്ന ഒരു തട്ടവും തുണിയും പറയാതെ പറയുന്നുണ്ട് ചോര്‍ന്നൊലിക്കുന്ന ഒരു കൂരയുടെ കഥ,.. ഒപ്പം.... കല്യാണപ്രായം തികഞ്ഞിട്ടും പണംകൊണ്ട് ഒത്ത് നോക്കുമ്പോള്‍ പുറകിലായിപ്പോയ പെങ്ങളുമാരുടെ കഥ..... കേള്‍ക്കാന്‍ നമുക്ക് കാതുകളും... ചില കാഴ്ച്ചകളെങ്കിലും കാണാന്‍ കണ്ണും മനസ്സും ഉണ്ടാവട്ടെ......

ആണത്ത്വം ഇല്ലാത്ത നാറികളുടെ സ്ത്രീധനം എന്ന നെറികെട്ട സമ്പ്രദായം കാരണം പള്ളിമുറ്റത്ത് പായ വിരിക്കേണ്ടി വന്ന ഉമ്മമാര്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു)

പ്രാര്‍ഥനയോടെ,...

--------------------------
✒ യാസിര്‍.എം.വി
---------------------------

നമ്മൾ വസ്തുവകകൾ തിരയുകയാണ് എന്ന് ഏവിയേഷൻ ഫ്യുവലിന് അറിയില്ല !!!
06/08/2016

നമ്മൾ വസ്തുവകകൾ തിരയുകയാണ് എന്ന് ഏവിയേഷൻ ഫ്യുവലിന് അറിയില്ല !!!

മൂന്നു സംഭവങ്ങൾ....
ഒന്ന്: കഴിഞ്ഞ ജൂണിൽ ഒരു ദിവസം എയർ അറേബിയയുടെ ഷാർജ കൊച്ചി വിമാനം കൊച്ചിയിൽ ഇരുപത് മിനിറ്റ് മുൻപേ എത്തുന്നു. റൺവേ തൊട്ടയുടൻ തന്നെ സകലരും എഴുന്നേറ്റ് ഓവർ ഹെഡ് റാക് തുറക്കാൻ തുടങ്ങുന്നു. ചിലർ പെട്ടിയൊക്കെ വലിച്ചു ഇരിക്കുന്നവരുടെ തലയിൽ ഇടുമോ എന്ന വിധത്തിൽ പരാക്രമം. മൊബൈൽ ഫോണുകൾ ഓണാവുന്നു, എസ്എംഎസ്, വാട്സാപ്പ് മെസ്സേജുകൾ വന്നുവീഴുന്ന ശബ്ദകോലാഹലം. പെട്ടന്ന് അനൗൺസ്‌മെന്റ് വന്നു, വിമാനം നേരത്തെ എത്തിയതുകൊണ്ട് പാർക്കിങ് ബേ കിട്ടിയിട്ടില്ല. അതുവരെ എല്ലാവരും ഇരിക്കണം. ബാഗുകൾ ഒന്നും എടുക്കരുത് എന്ന്. ആര് കേൾക്കാനാണ്. പിന്നെ ക്രൂ എത്തി. എഴുന്നേറ്റവരെ എല്ലാം നിർബന്ധിച്ച് ഇരുത്തി. ലോക്കറുകൾ അടച്ചു. ഇരുത്തിയവർ ത്രിശങ്കുവിൽ ഇരിക്കുന്നതുപോലെ അരച്ചന്തിയിൽ ഇരുന്നു ഇരുന്നില്ല എന്ന മട്ടിൽ ശ്വാസം മുട്ടുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ബേ കിട്ടി. വീണ്ടും പരാക്രമം. അപൂർവം ചിലർ ഇതൊന്നുമറിയാതെ നല്ല ഉറക്കമാണ്. (പിന്നിലെ സീറ്റ് ആയതുകൊണ്ട് വിമാനത്തിനുള്ളിൽ നടക്കുന്നത് എല്ലാം കാണാം.) വാതിൽ തുറന്നതും ഒരുമാതിരി കല്യാണ സദ്യക്ക് കയറുന്നതുപോലെ തിക്കിത്തിരക്കി പുറത്തിറങ്ങാനുള്ള ഓട്ടം. കാബിൻ ക്രൂ ചുണ്ടിൽ ചിരിവരുത്തി എല്ലാം നോക്കി നിൽക്കുന്നു. ഓട്ടം കണ്ടാൽ തോന്നും ഇപ്പൊ ചാടി പുറത്തു വെയിറ്റ് ചെയ്യുന്ന കാറിൽ കയറുമെന്ന്. പക്ഷെ എമിഗ്രെഷനും പിന്നെ ലഗ്ഗേജ് വരുന്നതും കാത്തുള്ള നീണ്ട നിൽപ്പും കഴിഞ്ഞേ നമുക്ക് വെളിയിലിറങ്ങാൻ പറ്റൂ എന്ന ചിന്ത ആ സമയം അൽപ്പം പോലുമില്ല.

രണ്ട്: കലൂർ ജംഗ്‌ഷനാണ് ഇനി പറയുന്ന തമാശ കാണാൻ ഏറ്റവും സൗകര്യപ്രദമായ ഇടം. പച്ചവെളിച്ചം കത്തിയാലുടൻ മുന്നോട്ടെടുക്കുന്ന വാഹനങ്ങളെ കൈകൊണ്ട് തടഞ്ഞു നിർത്തി റോഡ് കുറുകെ കടക്കുന്നവരുടെ ഉത്സവമാണിവിടെ. നിർത്താത്ത വാഹനങ്ങളെ അതി രൂക്ഷമായി നോക്കിക്കൊണ്ടാണ് ഇവർ കടന്നുപോകുന്നത്. പതിനഞ്ചു സെക്കൻഡ് പച്ചവെളിച്ചം കത്തുന്നതിൽ ആറേഴു സെക്കന്റ് ഇവർക്കായി നഷ്ടപ്പെടും. ഈ കലാപരിപാടി കാണുന്ന പോലീസുകാരും ഒരക്ഷരം മിണ്ടുകയോ, ക്രോസ് ചെയ്യുന്നവരെ തടയുകയോ ചെയ്യാറില്ല.

മൂന്ന്: ഒരു നാട്ടിൻ പുറം. വാഹനമോടിച്ച്‌ ഒരു വളവു തിരിഞ്ഞു ചെന്നതും, ദാ നാലഞ്ചു പേര് ഒരു പെട്ടിക്കടയുടെ മുന്നിൽ റോഡിൽ നിരന്നിരിക്കുന്നു. നിരന്നിരിക്കുക മാത്രമല്ല കൈകൾ പിന്നിലേക്ക് ചായ്ച്ചു - അതായത് റോഡിലേക്ക് ചായ്ച്ച്- അതിവിശാലമായാണ് ഇരിക്കുന്നത്. പെട്ടന്ന് ബ്രെക്കിട്ടത് കൊണ്ട് അപകടമുണ്ടാക്കാതെ കഴിഞ്ഞു. എന്നാൽ വണ്ടി ബ്രെയ്ക്ക് ഇട്ടിട്ടും ഈ ഇരുന്നവരിൽ ഒരാള് പോലും അവിടെനിന്നും മാറിയില്ല എന്നതാണ് തമാശ. ഒരാൾ ചെറുതായൊന്ന് തോള്‌പൊക്കി ഒഴിഞ്ഞുതരുന്നതുപോലെ കാട്ടി. മറ്റുള്ളവർ ഞാനെന്തോ കടുത്ത അപരാധം ചെയ്തതുപോലെ രൂക്ഷമായി നോക്കി. ഉള്ള സ്ഥലത്തുകൂടി കഷ്ടിച്ച് കടന്നുകൂടി കഴിച്ചലാക്കി.

ഗതാഗത നിയമങ്ങളോടുള്ള മലയാളിയുടെ പൊതുവായ പെരുമാറ്റത്തെക്കുറിച്ചു കാട്ടാനാണ് മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ എഴുതിയത്. നിയമങ്ങൾ അറിഞ്ഞുവയ്ക്കുന്നതിലും, പിന്നീട് അവ അനുസരിക്കുന്നതിലും കാണിക്കുന്ന അലസതയാണ് നമ്മുടെ നാട്ടിൽ നടക്കുന്ന അപകടങ്ങളിൽ മിക്കതിനും കാരണം.
ഇന്നലെ ദുബായിൽ നടന്ന എമിരേറ്സ് വിമാനാപകടത്തിലും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചില സ്വകാര്യ വീഡിയോകളിൽ നിന്നും മലയാളി യാത്രക്കാർ അടിയന്തിരമായി വിമാനത്തിൽ നിന്നും പുറത്തുകടക്കുന്നതിനു പകരം സാധനങ്ങൾ തിരയുന്ന കാഴ്ചകൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകളായിരിക്കുന്നു. യാത്രക്കാർക്ക് പക്ഷം പിടിച്ചും, എതിരെയും അനേക വാദപ്രതിവാദങ്ങൾ നടക്കുന്നു.

വികാരപരമായ കാര്യങ്ങൾക്കപ്പുറത്ത് നിയമവും, അതിന്റെ പാലനവും എത്രമാത്രം ഗൗരവതരമാണ് എന്നാണ് ഇതിലൂടെ നോക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ ഒന്നുരണ്ട് വാദങ്ങൾ വിമാനയാത്രകൾ ചെയ്യുന്ന ആളെന്ന നിലയിലും, നിയമങ്ങൾ പാലിക്കപ്പെടേണ്ടതാണ് എന്ന് വിശ്വസിക്കുന്ന ആളെന്ന നിലയിലും പരിശോധിക്കുന്നു.

അവസാന നിമിഷം വരെ യാത്രക്കാർ അറിഞ്ഞില്ല. ഇതാണ് ഇന്നലെത്തെ സംഭവത്തിൽ പറയപ്പെടുന്ന ഒരു പ്രധാന കാര്യം. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ജെറ്റ് എയർവേയ്‌സ് വിമാനം ഇന്ധനം തീർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയ വിവരം നാമെല്ലാം ഓർക്കുന്നുണ്ടാവും. അതിലെ യാത്രക്കാർ ഒരാളുപോലും അറിഞ്ഞില്ല തങ്ങളുടെ വിമാനം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നും, ഏറ്റവും ഗുരുതരമായ അവസ്ഥകളിൽ മാത്രം നൽകുന്ന മെയ് ഡേയ് അലെർട് കാപ്റ്റൻ വിമാനത്താവളത്തിന് നൽകിയിരുന്നുവെന്നും. അതായത് വിമാനം തകരാൻ വരെ സാഹചര്യമുണ്ടായിരുന്നു അന്ന്. പക്ഷെ യാത്രക്കാരെല്ലാം പുറത്തു വന്നുകഴിഞ്ഞാണ് തങ്ങൾ അതിഭാഗ്യം കൊണ്ടുമാത്രമാണ് നിലം തൊട്ടത് എന്ന കാര്യമറിഞ്ഞത്.
ആ വാർത്ത ഒന്നുകൂടി വായിക്കാം ഇവിടെ:

http://indianexpress.com/article/india/india-others/jet-airways-plane-lands-with-insufficient-fuel-pilots-suspended/

വിമാനത്തിന്റെ സാങ്കേതിക തകരാറോ, മറ്റെന്തെങ്കിലും തകരാറുകളോ ഒരിക്കലും യാത്രക്കാരെ അറിയിക്കില്ല. കാരണം രണ്ടാണ്. ഒന്നാമത് എത്ര ധൈര്യമുള്ളവരും വിമാനത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നറിഞ്ഞാൽ ആശങ്കയിലാകും. രണ്ടാമത്, കാപ്റ്റന്റെ പ്രധാന ജോലി, വിമാനം അടിയന്തിരമായി നിലത്തിറക്കുക എന്നതാണ്. അതിനിടയിൽ യാതൊരുകാരണവശാലും അദ്ദേഹം യാത്രക്കാരുമായി സംവദിക്കില്ല. എന്റെ അറിവ് ശരിയാണെങ്കിൽ, ഓരോ അടിയന്തിരാവസ്ഥയ്ക്കും പ്രത്യേകം മെസ്സേജുകൾ റെക്കോഡ് ചെയ്ത വച്ചിട്ടുണ്ട്. അവസ്ഥയനുസരിച്ച് കാപ്റ്റൻ അത് പ്ളേ ചെയ്യുക മാത്രമേ ചെയ്യൂ. അതും ഏറ്റവും അവസാനം. കാരണം യാത്രക്കാർ അസ്വസ്ഥരായാൽ ചിലപ്പോൾ വിമാനത്തിന്റെ നിലത്തന്നെ മാറിയേക്കും.
അബദ്ധത്തിൽ ക്രാഷ് മെസ്സേജ് പ്ളേ ചെയ്ത ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിന്റെ കഥ ഇവിടെ വായിക്കുക. യാത്രക്കാരിൽ ചിലർക്ക് ആ മെസ്സേജ് ഹൃദയാഘാതം വരെയുണ്ടാക്കി.
http://www.dailymail.co.uk/news/article-2087427/BA-flight-crew-mistakenly-play-recorded-crash-message-flight-London.html

വിമാനജോലിക്കാരെല്ലാവരും തന്നെ ആപൽ ഘട്ടങ്ങൾ തരണം ചെയ്യാനുള്ള പരിശീലനങ്ങൾ ഓരോ ആറുമാസം കൂടുമ്പോഴും പുതുക്കും. കാപ്റ്റൻ വിമാനം നിയന്ത്രിച്ച് ഇറക്കുമ്പോൾ മനസ്സ് നിയന്ത്രണത്തിലാക്കി യാത്രക്കാരെ രക്ഷിക്കാൻ തയ്യാറാക്കി നിൽക്കുന്ന വിമാന ജോലിക്കാരെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അവരുടേതും ജീവനാണ്. അവർക്കും സ്വപ്നങ്ങളും, സമ്പാദ്യങ്ങളും എല്ലാമുണ്ട്. പക്ഷെ ഏല്പിച്ചിരിക്കുന്ന ജോലി അത് മരിച്ചാലും കൃത്യമായി ചെയ്യുക എന്നതാണ് പ്രാഥമിക ധർമ്മം. അതവർ ചെയ്യുന്നു. ഇവിടെ നീരജാ ഭാനോട്ടിനെ ഓർക്കാം.
https://en.wikipedia.org/wiki/Neerja_Bhanot

ഇനി യാത്രക്കാർ എന്ന നിലയിൽ നാമെന്താണ് ചെയ്യേണ്ടത്? ആധുനിക കാലത്ത് ഏറ്റവും പ്രമുഖമായ യാത്രാ മാധ്യമമാണ് വിമാനങ്ങൾ. ഒരു ചെറിയ പിഴവ് പോലും വലിയ ദുരന്തത്തിൽ കലാശിച്ചേക്കാം എന്നതിനാൽ ഏറ്റവും മികച്ച സാങ്കേതികത യാണ് വിമാനങ്ങൾക്കുള്ളത്. പണ്ടുകാലത്ത് വിമാനം തകരാൻ പര്യാപ്തമായിരുന്നു ഒട്ടനവധി പിഴവുകൾ ഇപ്പോൾ വിമാനത്തിലിരുന്നുതന്നെ പൈലറ്റിന് നിയന്ത്രിക്കാനാവും. അതുകൊണ്ടുതന്നെ ഏറ്റവും സുരക്ഷിതമായ യാത്ര വിമാനയാത്ര തന്നെയാണ്. എങ്കിലും മറ്റു മാദ്ധ്യമങ്ങളിൽ യാത്രചെയ്യുന്നവരേക്കാൾ വിമാനയാത്രികർക്ക് ഉത്തരവാദിത്തങ്ങൾ കൂടുതലാണ്. ഉദാഹരണത്തിന് വിമാനത്തിൽ എമർജൻസി എക്സിറ്റിനു അടുത്തുള്ള സീറ്റുകൾ നൽകുന്നതിനുള്ള പ്രത്യേക ഏവിയേഷൻ നിയമ നിഷ്കർഷ നോക്കുക, യാത്രക്കാരന്റെ ചുമതലകളും.

4.3.1 The person allotted the exit seat should not be
invalid.

4.3.2 The person should not be less than 15 years of age and
should have the capacity to perform the applicable
functions listed in paragraph 4.6 of this CAR without
the assistance of another person.

4.3.3 The person should be able to reach and understand
instructions related to emergency evacuation provided
by the operator in printed, handwritten or graphic form
or the ability to understand oral crew commands.

4.4 Each passenger shall comply with instructions given by a
crew member or other authorized of the operator implementing
exit seating restrictions established in accordance with
this section.

അതുപോലെയാണ് വിമാനം പുറപ്പെടുന്നതിനു മുൻപുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം കേൾക്കുക എന്നത്. ഇരിക്കുമ്പോൾ തന്നെ എമർജൻസി എക്സിറ്റ് നോക്കി വയ്ക്കുക. ലൈഫ് ജാക്കറ്റ് എവിടെയാണ് എന്ന് ക്രൂ കാണിച്ചുതരുന്നത് നോക്കുക. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് വസ്തുക്കളും ക്രൂ പറയുന്നതനുസരിച്ചു മാത്രം ഉപയോഗിക്കുക. എല്ലാം നമുക്കുവേണ്ടിയാണ്.

യാത്രക്കാരുടെ ആരുടെയോ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടും, എയർപോർട് സുരക്ഷാവീഴ്ച കൊണ്ടും ഉണ്ടായത് സമാനതകളില്ലാത്ത ഒരു വിമാനദുരന്തം താഴെ വായിക്കാം.
http://www.dailymail.co.uk/news/article-2689113/Plane-crash-Congo-killed-British-pilot-caused-escaped-crocodile-causing-passengers-panic-rush-causing-nose-dive.html

നമുക്കെന്തിനാണ് ഇത്രയും ധൃതി?
എമിരേറ്സ് വിമാനത്തിന്റെ അപകട വാർത്തയിലും, സാധാരണഗതിയിൽ വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞാലുള്ള സാഹചര്യത്തിലുമുള്ള ഒരു വൈരുധ്യം പറയാതെ വയ്യ. സാധാരണഗതിയിൽ നാം വിമാനം ലാൻഡ് ചെയ്തുകഴിഞ്ഞാലുടൻ പെട്ടിയുമെടുത്തു ഓട്ടമാണ്. ക്രൂ ഇരിക്കാൻ പറഞ്ഞാലും ഇരിക്കില്ല. തിക്കിത്തിരക്കി, അടുത്തുള്ള ആളിന്റെ തലവഴി പെട്ടി വലിച്ചു പിടിച്ചു ഓട്ടം. എന്നാലോ എമർജൻസി ലാൻഡിങ് നടത്തിയ വിമാനത്തിൽ നിന്നും ഇറങ്ങാൻ ഒരു തിരക്കുമില്ല. ലാപ്ടോപ് എവിടെ, ബാഗ് എടുക്ക് എന്നീ വർത്തമാനങ്ങൾ. ഓ നമുക്കൊന്നും സംഭവിക്കില്ല എന്ന അമിതമായ ആത്മവിശാസമാണോ ഇത്? പണ്ട് പട്ടിയുള്ള വീട്ടിൽ ചെന്നപ്പോൾ പട്ടി കടിക്കില്ല കയറിപ്പോരൂ എന്ന വീട്ടുടമസ്ഥന്റെ വിളിക്ക് വിരുന്നുകാരൻ കൊടുത്ത മറുപടി 'അത് പട്ടിക്ക് അറിയില്ലല്ലോ' എന്നാണ്. അതുപോലെയാണ് ഇപ്പോൾ പറയാൻ തോന്നുന്നത്.
പറഞ്ഞുവരുന്നത് ഏവിയേഷൻ ഫ്യുവൽ അഥവാ വിമാന ഇന്ധനത്തിന്റെ കാര്യമാണ്. അതീവ ജ്വലനശേഷിയുള്ള ഇന്ധനമാണ് ഏവിയേഷൻ ഫ്യുവൽ. ഇതിന്റെ കണികകൾ ഉള്ള വായു വരെ കത്തും. അതുകൊണ്ട് ഒരിക്കൽ ഒരു വിമാനം അടിയന്തിരമായി നിലത്തിറക്കിയാൽ എത്രയും വേഗം, അതായത് ഒന്നര മിനിട്ടിന് അകത്തുള്ള സമയത്ത് യാത്രക്കാരെ എല്ലാം ഒഴിപ്പിച്ചിരിക്കണം. നമ്മൾ വസ്തുവകകൾ തിരയുകയാണ് എന്ന് ഏവിയേഷൻ ഫ്യുവലിന് അറിയില്ല. അത് കത്താനുള്ളപ്പോൾ കത്തും.

1980 ൽ സൗദി വിമാനം അപകടത്തിൽ പെട്ടതിനു ശേഷമാണ് വിമാന സുരക്ഷാകാര്യങ്ങളിലും, ആളുകളെ ഒഴിപ്പിക്കുന്ന കാര്യത്തിലും കാതലായ മാറ്റങ്ങൾ കൊണ്ടുവരപ്പെട്ടത്.
സൗദി വിമാനദുരന്തം ഇവിടെ വായിക്കുക.
https://en.wikipedia.org/wiki/Saudia_Flight_163

ഇന്നലെ അപകടത്തിൽ പെട്ട എമിരേറ്സ് വിമാനത്തിലെ ഒരു യാത്രക്കാരനെപ്പോലും വ്യക്തിപരമായി തേജോവധം ചെയ്യാനുള്ളതല്ല ഈ എഴുത്ത്. പ്രത്യുത, ഓരോ ജീവനും വിലപ്പെട്ടതാണ്. നാം ബാഗുതിരഞ്ഞു പോകുന്ന ഒരു നിമിഷാർത്ഥം മതിയാവും വിമാനത്തിൽ തീ പടരാൻ. നമുക്കെല്ലാം സമ്പാദ്യങ്ങൾ വലുതാണ്. പക്ഷെ അതൊന്നും ജീവനേക്കാൾ വലുതല്ല. ഒരു വിമാനാപകടത്തിൽ പെട്ടാൽ ചില്ലറ കാലതാമസമുണ്ടാവുമെങ്കിലും നിയമാനുസരണമുള്ള ഇളവുകൾ പല കാര്യങ്ങളിലും ലഭിക്കും. ഇതെഴുതുന്നയാളും വിമാനയാത്ര ചെയ്യുന്നതുകൊണ്ട്, ഇതൊരു ചാരുകസേര നിരൂപണവുമല്ല.

'അന്നേരത്തെ മാനസികാവസ്ഥ' യിൽ ആരും ചെയ്തുപോകും എന്നതാണ് ബാഗുതിരഞ്ഞു പോകുന്നതിനുള്ള ഒരു കാരണമായി പറയുന്നത്. ഇവിടെയാണ് വിമാനയാത്രികർക്കുള്ള സ്വയം ബോധവൽക്കരണത്തിന്റെ ആവശ്യകത. നിയമങ്ങൾ അറിയാനും അവ പാലിക്കാനുമുള്ള ഒരു മാനസികാവസ്ഥ ആദ്യം രൂപപ്പെടുത്തിഎടുക്കുക. ഇക്കാര്യത്തിൽ നമ്മുടെയിടയിൽ കണ്ടുവരുന്നത് കടുത്ത ഈഗോ ക്ലാഷ് ആണ്. കാബിൻ ക്രൂ പറയുന്നത് അനുസരിച്ചാൽ, വിമാനം എഞ്ചിൻ നിർത്തുന്നത് വരെ സീറ്റിൽ ഇരുന്നാൽ, ബാഗുകൾ എടുക്കുമ്പോൾ മറ്റുള്ളവരെ അസ്വസ്ഥരാക്കാതിരുന്നാൽ, വാതിൽക്കലേക്ക് തള്ളിക്കയറാതിരുന്നാൽ, എല്ലാം എന്തോ വലിയ കുഴപ്പമുള്ളതുപോലെയാണ് നമ്മുടെ പ്രവർത്തികൾ. എന്താണിങ്ങനെ സംഭവിക്കുന്നത്? ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ച കാര്യങ്ങളും കൂടി നോക്കുക. വിമാനയാത്രയിൽ മാത്രമല്ല, എല്ലാവിധ ഗതാഗത നിയമങ്ങളുടെ കാര്യത്തിലും നമ്മുടെ മനോഭാവം ഇങ്ങനെത്തന്നെയാണ്. ഈഗോ മാറ്റിവയ്ക്കുക. നമുക്ക് നഷ്ടപ്പെടുന്നത് ജീവിതമാണ്. അത് തിരിച്ചുകിട്ടില്ല. ബാഗുകളും ഫോണുകളും എല്ലാം തിരിച്ചുകിട്ടും.

കുടുംബത്തോടെ യാത്രചെയ്യുന്ന ഒരാൾ, പ്രത്യേകിച്ചും കുട്ടികൾ കൂടെയുള്ളപ്പോൾ വളരെ ഗൗരവത്തോടെ വിമാനസുരക്ഷയെക്കുറിച്ച് അറിഞ്ഞുവച്ചിരിക്കണം. അല്ലാത്തപക്ഷം, എത്ര വിദ്യാഭ്യാസമുള്ളതായാലും, എത്ര ഉന്നത സ്ഥാനം വഹിക്കുന്നവരായാലും ഒരു പ്രയോജനവുമില്ല. വിമാനനിയമങ്ങൾ അനുസരിച്ച് ചെരുപ്പ് ധരിക്കാതെ ഹാൻഡ് ബാഗ് പോലുമെടുക്കാതെ പുറത്തിറങ്ങാൻ ശ്രമിക്കുന്ന ഒരാൾക്ക് കുറുകെ നിന്ന് സ്വന്തം വസ്തുക്കൾ കരസ്ഥമാക്കാൻ ശ്രമിക്കുന്നതുപോലെ അപഹാസ്യമായൊരു ചിത്രം മറ്റെവിടെയുമുണ്ടാവില്ല. കുട്ടികളെയും കൃത്യമായി വിമാനയാത്രയെ കുറിച്ച് പഠിപ്പിക്കണം. ചെറിയ വലിയ കാര്യങ്ങൾ നമ്മളെ മാത്രമല്ല സഹയാത്രികരെയും രക്ഷപ്പെടുത്തും.
പിൻ കുറിപ്പ്:
നമ്മളിൽ എത്രപേർ വിമാനജോലിക്കാരെ അഭിവാദ്യം ചെയ്യാറുണ്ട്? അവരുടെ മുഖത്തേക്ക് നോക്കാറുണ്ട്? സ്വയം ഒന്നാലോചിച്ചു നോക്കുക. അവർ നമ്മുടെ സുരക്ഷയ്ക്കും,
സൗകര്യങ്ങൾക്കുമായി നിലകൊള്ളുന്നവരാണ്. ഒരു വിമാനം നിലം തൊട്ടുകഴിഞ്ഞാൽ പെട്ടിയുമെടുത്ത് ഓടുമ്പോൾ വാതിൽക്കൽ നിറപുഞ്ചിരിയോടെ നിൽക്കുന്നവരെ ഒന്ന് നോക്കുക.
നന്ദി പറയുക.നൈസ് ഫ്‌ളൈറ്റ്, ഗുഡ് ഫുഡ്, സീ യു എഗൈൻ എന്നൊക്കെ ഒന്ന് പറഞ്ഞിട്ട് വിമാനത്തിൽ നിന്നും ഇറങ്ങു. അവർക്കും നമുക്കും ഒരുപോലൊരു സുഖം തോന്നും. അടുത്ത ഇരുപതോ മുപ്പതോ മിനിറ്റിൽ അവർ വീണ്ടും ആകാശയാത്ര നടത്തേണ്ടവരാണ്.
എത്തിച്ചേരുമോ ഇല്ലയോ എന്നറിയാതെ, അടുത്ത ഒരുകൂട്ടം യാത്രക്കാരുടെ സുഖ സൗകര്യങ്ങൾ അന്വേഷിച്ചു വിശ്രമമില്ലാതെ അവർ നമുക്ക് ചുറ്റും
ചിരിച്ചുകൊണ്ട് നടപ്പുണ്ടാവും. ഒരു കരുതൽ അവർക്കു കൂടി നൽകുക. ചില കാര്യങ്ങൾ നമുക്ക് ചിട്ടപ്പെടുത്തിയെടുക്കാം.
വിമാനജോലിക്കാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നവരാണ് എന്നുള്ള ചീപ് കമന്റുകൾ ദയവായി പറയാതിരിക്കുക. അതിലും ഒരു മാന്യത
നമുക്ക് നില നിർത്താം.
അപ്പോൾ അടുത്ത എല്ലാ വിമാനയാത്രകളും ശുഭയാത്രകൾ തന്നെയായിത്തീരട്ടെ.
എമിരേറ്സ് വിമാനാപകടത്തിൽ ജീവൻ ബലിനൽകിയ ജാസിം ഇസാ മുഹമ്മദ് ഹസ്സന് ആദരാഞ്ജലികളും, അതീവ മനസ്സാന്നിധ്യത്തോടെ വീൽ ജാമായ
വിമാനം നിലത്തിറക്കിയ കാപ്ടനും ക്രൂവിനും അഭിനന്ദനങ്ങളോടും കൂടി.................
സ്നേഹപൂർവ്വം....
(വിമാനക്കമ്പനികളുടെ കെടുകാര്യസ്ഥതയോ, ഹ്യുമൻ എറർ എന്ന് പറയുന്ന പൈലറ്റുമാരുടെ പിഴവോ, അത് വേറൊരു വിഷയമായതുകൊണ്ടും, വിസ്താരഭയം കൊണ്ടും ഇതിൽ പരാമർശിച്ചിട്ടില്ല. )
Courtesy: Writer

ഇസ്ലാമിലെ ഒരു ചരിത്രം ........
05/05/2016

ഇസ്ലാമിലെ ഒരു ചരിത്രം ........

മക്കയുടെ കരളിന്റെ കഷ്ണങ്ങളായ ഖുറൈഷി ചെറുപ്പക്കാരേ..
അംറുബ്നു ആസിന്റെ ശബ്ദം മക്കയിലെ മലയിടുക്കുകളില്‍ തട്ടി പ്രതിധ്വനിക്കവെ, അയാള്‍ തന്റെ മുമ്പിലെ ചെറുപ്പക്കാരെ നോക്കി. അബൂസുഫ്‌യാനും, ഉത്ബതും ശൈബത്തുമൊക്കെ അവിടെയുണ്ടായിരുന്നു. അബൂജഹല്‍ തുടര്‍ന്നു.
നാം ഈ മണ്ണില്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും ഐക്ക്യത്തോടെയും ജീവിച്ചുപോന്നു. നാം ആരാധിച്ചു വരുന്ന ഈ ദൈവങ്ങള്‍ നമ്മുടെ പൂര്‍വികരുടേയും ദൈവങ്ങളായിരുന്നു. നമുക്ക്‌ പാരമ്പര്യമായി കിട്ടിയ സമ്പ്രദായങ്ങളും ആചാരങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ടായിരുന്നു. ഏതൊരു സദസ്സിലും നാം ആദരിക്കപ്പെട്ടിരുന്നു. നാം അറേബ്യയിലെ ഉന്നതരും ശക്‌തരുമായിരുന്നു. എന്നാല്‍ ; നമ്മുടെ കൂടെ ജീവിച്ച്‌, നമ്മുടെ പ്രീതി പിടിച്ചു പറ്റിയ ഒരാള്‍ , മുഹമ്മദെന്ന ഭ്രാന്തനായ മാരണക്കാരന്‍ , ഇന്നിതാ നമുക്കിടയില്‍ വമ്പിച്ച കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഭവനങ്ങളില്‍ നമ്മള്‍ കാണാത്ത മതിലുകള്‍ അവന്‍ പണിഞ്ഞിരിക്കുന്നു. മാതാപിതാക്കളേയും സന്താനങ്ങളേയും അവന്‍ തമ്മിലകറ്റുന്നു.
വന്യമായ കണ്ണുകളോടെ തന്റെ വാക്കുകള്‍ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന ആ ജനക്കൂട്ടത്തെ സൂക്ഷിച്ചു നോക്കി അവന്‍ സംസാരത്തിന്‌ ഒരിടവേള കൊടുത്തു. പിന്നെ തുടര്‍ന്നു.
ഹേ വീരയോദ്ധാക്കളേ; മുന്തിയ ഒട്ടകങ്ങളില്‍ നിന്നും ഏറ്റവും മുന്തിയ നൂറൊട്ടകങ്ങള്‍ ! ചുവന്ന നുറു പെണ്‍ ഒട്ടകങ്ങള്‍ ! മുഹമ്മദിന്റെ തലയെടുക്കുന്നത് ആരാണോ; ആ ഒട്ടകങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. ഈ മനുഷ്യസഞ്ചയവും, ഈ പൌരപ്രമുഖരും, പിന്നെയീ കഅ്ബാലയത്തിലെ ഇരിക്കുന്നതും നില്‍ക്കുന്നതുമായ ദൈവങ്ങളും സാക്ഷി!
കൂടി നിന്ന ആളുകള്‍ക്കിടയില്‍ നിന്നും പിറുപിറുക്കലുയര്‍ന്നു. സംഗതി കൊള്ളാം. നൂറ്‌ ഒട്ടകങ്ങള്‍ . അതും ഗോപുരം പോലെ പൂഞ്ഞ പൊങ്ങിയ ചുവന്ന ഒട്ടകങ്ങള്‍ . താഴ്‌വരയുടെ നേതാവിന്റെ പ്രഖ്യാപനം ആരെയും പ്രലോഭിപ്പിക്കുന്നതാണ്‌. പക്ഷെ പകരം വേണ്ടതോ? അത്‌ മുഹമ്മദിന്റെ തലയാണ്‌. മുഹമ്മദിന്റെ തല!
മുഹമ്മദ്‌ ഒരു പോരാളിയല്ല. യുദ്ധത്തില്‍ പങ്കെടുത്ത്‌ പ്രാവീണ്യം തെളിയിച്ചവനല്ല. കംബോളത്തില്‍ നടക്കാറുള്ള കലഹങ്ങളില്‍ പങ്കെടുത്തു എതിരാളിയെ ഒറ്റയടിക്ക്‌ കൊല്ലുന്നവനുമല്ല. പക്ഷെ മുഹമ്മദിന്റെ കുടുംബം!? അബ്ദു മനാഫിന്റെ കുടുംബമാണ്! അവരുടെ പ്രതികാര നടപടി കടുത്തതായിരുക്കും. മഹാശൂരന്‍മാരായ പോരാളികളുണ്ടവര്‍ക്കിടയില്‍ . അവരില്‍ അധിക പേരും മുഹമ്മദിന്റെ മതത്തില്‍ വിശ്വസിച്ചവരല്ലെങ്കിലും, നാട്ടുനടപ്പനുസരിച്ചുള്ള പ്രതികാരത്തിനവര്‍ തയ്യാറാവും.
എല്ലാമോര്‍ത്ത്‌ ആ കര്‍മമേറ്റെടുക്കാനുള്ള ധൈര്യമില്ലാതെ ആളുകള്‍ നില്‍ക്കവേ, പുരുഷാരത്തിന്റെ അങ്ങേ അറ്റത്ത്‌ നിന്നും ഒരു ശബ്ദമുയര്‍ന്നു.
അബുള്‍ ഹക്കം! മുഹമ്മദിന്റെ തലക്കു പകരം, നീ പറഞ്ഞ പോലെ മുന്തിയതില്‍ മുന്തിയ നൂറ്‌ ഒട്ടകങ്ങളെ നല്‍കാമെങ്കില്‍ , ഞാനതിനു തയ്യാറാണ്‌. പക്ഷെ, നീ വാക്കു പാലിച്ചില്ലെങ്കില്‍ നിന്റെ മരണം എന്റെ കൈകൊണ്ടായിരിക്കും. ദാ ഈ വാളു കൊണ്ട്‌ നിന്റെ പിരടി ഞാന്‍ വെട്ടും.
ആളുകളെല്ലാവരും തിരിഞ്ഞു നോക്കി. അവിടെ ഉയര്‍ത്തിപ്പിടിച്ച തന്റെ വാളുമായി നില്‍ക്കുന്നു; ഖഥ്വാബിന്റെ പുത്രന്‍ ഉമര്‍. എണ്ണം പറഞ്ഞ പോരാളി. ആ കണ്ണുകളില്‍ ശൌര്യം തീക്കണല്‍ പോലെ ജ്വലിക്കുന്നുണ്ടായിരുന്നു.
ഉമറിന്റെ വാക്കുകള്‍ കേട്ട ഒരൊറ്റ മനുഷ്യനും സംശയിച്ചു പോയില്ല, ഉമറില്‍ നിന്നും മുഹമ്മദിന്‌ വല്ല രക്ഷയുമുണ്ടെന്ന്‌. മുഹമ്മദ്‌ എത്ര വലിയ മാരണവും കാട്ടട്ടെ. അവനാകാശത്തു നിന്നും തീമഴ പെയ്യിക്കട്ടെ. ഭൂമി പിളര്‍ത്തി ഇതു വരെ ഒരു കണ്ണുകളും ദര്‍ശിക്കാത്ത ഭീകര സത്വങ്ങളെ കൊണ്ടു വരട്ടെ. എന്നാലും ഉമര്‍ ജയിക്കും. ഉമര്‍ ജയിക്കുക തന്നെ ചെയ്യും. ഖുറൈഷികള്‍ക്കതില്‍ യാതൊരു സംശയവും ഇല്ല.
അബൂജാഹില്‍ ഓടിച്ചെന്ന്‌ ഉമറിന്റെ കൈപിടിച്ചു കൊണ്ടു പറഞ്ഞു.
ഓ ധീരനായ പിതാവിന്റെ ധീരനായ പുത്രാ! നിന്റെ വാളിന്റെ മൂര്‍ച്ച കൂട്ടാനായി നീയെന്റെ പിരടിയില്‍ രാകുക. എന്നാലും നീ മുഹമ്മദിനെ വധിക്കുമെങ്കില്‍ അതാണെനിക്ക്‌ സന്തോഷം.
തന്റെ കാണാതായ കുഞ്ഞിനെ തിരഞ്ഞു നടക്കുന്ന സിംഹണിയെ പോലെ ഉമര്‍ മക്കയുടെ മുക്കും മൂലയും മുഹമ്മദിനെ തിരഞ്ഞു നടക്കുകയാണ്‌. മുഹമ്മദിനെ പിടിക്കണം. ആ നെഞ്ചില്‍ ചവിട്ടി വീഴ്ത്തണം. കമഴ്ത്തിക്കിടത്തി ആ പിരടിയില്‍ വെട്ടി തല അറുത്തെടുക്കണം. അത്‌ നൂറ്‌ ഒട്ടകങ്ങളുടെ കാര്യം മാത്രമല്ല. അറേബ്യയുടെ, മക്കയുടെ, ഖുറൈഷികളുടെ ഐക്ക്യമാണ്‌ മുഹമ്മദ്‌ തകര്‍ത്തത്‌. കാലങ്ങളായി കൊണ്ടാടുന്ന ആചാരങ്ങളെയാണ്‌ അവന്‍ പുച്ഛിച്ചു തള്ളിയത്‌. പാരമ്പര്യമായി കിട്ടിയ ദൈവങ്ങളെയാണ്‌ അവന്‍ നിഷേധിച്ചത്‌. നൂറ്റാണ്ടുകളുടെ വളര്‍ച്ചയുള്ള സംസ്ക്കാരത്തിന്റെ നേരെയാണ്‌ വിരല്‍ ചൂണ്ടിയത്‌. ഇല്ല. മുഹമ്മദ്‌ ഇനി ജീവിച്ചിരിക്കാന്‍ പാടില്ല. ഉമറിന്റെ തീരുമാനം ഉറച്ചതായിരുന്നു. മലഞ്ചെരുവില്‍ വച്ചാണ്‌ ഉമര്‍ നുഐമിനെ കണ്ടത്‌. ക്രൌര്യം തിളങ്ങുന്ന മുഖവുമായി, ഊരിപ്പിടിച്ച വാളുമായി വരുന്ന ഉമറിനെ കണ്ട്‌ നുഐമൊന്ന്‌ അന്തം വിട്ടു. അവരാകട്ടെ ബാല്യകാലം മുതല്‍ ചങ്ങാതിമാരും. കണ്ടപാടെ നുഐമിനോട്‌ ഉമര്‍ ചോദിച്ചു.
നുഐം, നീയാ മുഹമ്മദിനെ കണ്ടോ? ഇന്നവന്റെ അവസാനമാണ്‌...
മുഹമ്മദിനെ കൊല്ലാനോ, നീയോ? അല്ലാഹു സത്യം, നിന്നെയാരോ പറഞ്ഞു പറ്റിച്ചിരിക്കുന്നു. മുഹമ്മദിനെ കൊന്നാല്‍ അബ്ദു മനാഫിന്റെ കുടുംബം നിന്നെ വെറുതെ വിടുമോ? നുഐം ചോദിച്ചു.
അബ്ദു മനാഫിന്റെ കുടുംബത്തിന്‌ ഉമറിന്റെ ഒരു രോമമെങ്കിലും പറിക്കാനാവുമെന്ന്‌ നീ കരുതുന്നുണ്ടോ? അല്ലാഹു സത്യം, ഉമറങ്ങിനെ ചിന്തിക്കുന്നു പോലുമില്ല. ഇല്ല.. ഇനി എന്റെ തീരുമാനത്തില്‍ നിന്നെന്നെ പിന്തിരിപ്പിക്കാന്‍ ഒന്നിനുമാവില്ല. ഒന്നിനും. !
പുചഛത്തോടെ ഉമര്‍ അങ്ങിനെ പറഞ്ഞപ്പോള്‍ നുഐം മുഖത്തടിച്ച പോലെ പറഞ്ഞു.
ഖഥ്വാബിന്റെ പുത്രന്‍ മുഹമ്മദിനെ കൊല്ലാന്‍ നടക്കുന്നു. ഖഥ്വാബിന്റെ കുടുംബത്തിലുള്ളവരാവട്ടെ മുഹമ്മദിന്റെ മതത്തില്‍ വിശ്വസിക്കുന്നു. എന്തൊരു വിരോധാഭാസം! നിനക്കു ലജ്ജയില്ലെ ഉമര്‍ ? നിന്റെ കുടുംബത്തിനെ അടക്കി നിര്‍ത്താതെ മുഹമ്മദിനെ തിരഞ്ഞു നടക്കാന്‍ ?
ഉമറിന്റെ കണ്ണുകളില്‍ നിന്നും രക്‌തത്തുള്ളികളിറ്റു വീഴുമെന്ന പോല്‍ , ആ മിഴികള്‍ ചുവന്നു. തന്റെ കളിക്കൂട്ടുക്കാരന്റെ ഉടുപ്പില്‍ പിടിച്ച്‌ തന്നിലേക്ക്‌ വലിച്ചടുപ്പിച്ച്‌ ഉമര്‍ ചോദിച്ചു.
നുഐം, നീയെന്താണ്‌ പറഞ്ഞതെന്നും, ആരോടാണ്‌ പറഞ്ഞതെന്നുമറിയുമോ?
നുഐം ഒരല്‍പ്പം ഭയക്കാതിരുന്നില്ല. ഉമര്‍ തന്നെ കൊന്നു കളഞ്ഞാല്‍ ഉമറിനോടതു ചോദിക്കാന്‍ മക്കയിലാര്‍ക്കും ധൈര്യമുണ്ടാവില്ല. എങ്കിലും നുഐം പറഞ്ഞു.
ഖഥ്വാബിന്റെ പുത്രാ, എനിക്കത്‌ ശരിക്കുമറിയാം. ഞാന്‍ പറഞ്ഞത്‌ നിന്റെ സഹോദരി ഫാഥ്വിമയെ കുറിച്ചാണ്‌. അവളും ഭര്‍ത്താവും മുഹമ്മദിന്റെ മതം സ്വീകരിച്ചത്‌ നീയറിഞ്ഞില്ലെന്നോ? അതോ നീ അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്നോ?
ഉമര്‍ നുഐമിനെ വിട്ടു. ഉള്ളിലെ നിരാശ കാരണം തല വെട്ടിച്ച്‌ കൊണ്ടു ഉമര്‍ തന്നത്താന്‍ പറഞ്ഞു.
ഉമറിന്റെ ഉമ്മക്ക്‌ നാശം. ഈ അപമാനം ഖഥ്വാബിന്റെ കുടുംബത്തിലെ പുരുഷന്‍മാരെങ്ങിനെ താങ്ങും? ഭൂമിയേ, നീ പിളരുകയും എന്നെ വിഴുങ്ങുകയും ചെയ്‌തിരുന്നെങ്കില്‍ ! ആകാശമേ, നീയടര്‍ന്ന്‌ ഉമറിന്റെ തലയിലേക്ക്‌ വീഴുക! മരുഭൂമിയിലെ മണ്ണു തിന്ന്‌ ജീവിക്കലായിരുന്നല്ലോ ഉമറിന്‌ ഇതിനെക്കാള്‍ ഭേദം.
അമറുന്ന പോലെ ഉമര്‍ നുഐമിനോട്‌ പറഞ്ഞു.
നീ നോക്കിക്കൊ. നീ പറഞ്ഞത്‌ സത്യമാണെങ്കില്‍ ഫാഥ്വിമയുടേയും അവളുടെ ഭര്‍ത്താവിന്റെയും കഥ കഴിച്ചിട്ടെ ഉമര്‍ മുഹമ്മദിന്റെ തലയെടുക്കൂ. മറിച്ചാണെങ്കില്‍ നിന്റെ കഥ കഴിച്ചിട്ടേ ഉമറ്‌ മുഹമ്മദിനെ തേടുകയുള്ളൂ.
കലി തുള്ളി സ്വന്തം സഹോദരിയുടെ ഭവനം ലക്ഷ്യമാക്കി പോകുന്ന ഉമറിനെ നോക്കി നില്‍ക്കേ നുഐം അഗാധമായ വ്യസനത്തിലാണ്ടു. മുഹമ്മദിനെ ഉമറിന്റെ കയ്യില്‍ നിന്നും രക്ഷിക്കുക എന്നൊരു ലക്ഷ്യമേ ഫാഥ്വിമയുടെ ഇസ്ലാം സ്വീകരണം ഉമറിനോട്‌ പറയുന്നതിലൂടെ നുഐമിന്‌ ലക്ഷ്യമുണ്ടായിരുന്നുള്ളൂ. എന്നാലിതാ ഇന്നു താന്‍ കാരണം ഫാഥ്വിമയും ഭര്‍ത്താവും അപകടത്തിലാവുന്നു. അവരും തന്നെ പോലെ രഹസ്യമായി ഇസ്ലാം സ്വീകരിച്ചവരാണ്‌. ഖുറൈഷികളില്‍ നിന്നുണ്ടായേക്കാവുന്ന കൊടിയ മര്‍ദ്ധനങ്ങള്‍ ഭയന്ന്‌ തങ്ങളെ പോലെ പലരും ഇസ്ലാമികാശ്ലേഷണം രഹസ്യമാക്കി വച്ചിരിക്കുകയാണ്‌. ഇനിയെന്തൊക്കെ നടക്കും? ആരുണ്ട്‌ ഉമറിനെ തടുക്കാന്‍? പ്രവാചകന്റെ അടുത്തേക്കാണ്‌ ഉമര്‍ പോയിരുന്നതെങ്കില്‍ അവിടെ ഹംസയെങ്കിലുമുണ്ടാവുമായിരുന്നു. ഇപ്പോഴിതാ ഫാഥ്വിമയും ഉമറിന്റെ മുമ്പില്‍ ദുര്‍ബലനായ അവളുടെ ഭര്‍ത്താവും. ഹാ, കഷ്ടം.
ഫാഥ്വിമയും ഭര്‍ത്താവ്‌ സഈദും കൂട്ടുകാരന്‍ ഖബ്ബാബും കൂടി പ്രവാചകന്‌ പുതുതായി അവതീര്‍ണമായ ഖുര്‍ആന്‍ വചനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ്‌. പരമ രഹസ്യമായ ഒരു കൂടിക്കാഴ്ച്ചയാണ്‌ അത്‌. പുറം ലോകമറിഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കും. എങ്കിലും തങ്ങള്‍ക്ക്‌ വന്നെത്തിച്ചേര്‍ന്ന സത്യപാശത്തെ അവര്‍ മുറുകെ പിടിക്കാന്‍ തയ്യാറാണ്‌. ഈ ഇരുട്ടിന്റെ ഗഹ്വരത്തില്‍ നിന്നും ജനങ്ങളൊരിക്കല്‍ സത്യത്തിന്റെ തെളിനീര്‍ തടത്തിലേക്കിറങ്ങി വരുമെന്നവര്‍ വിശ്വസിക്കുന്നു. മാലിന്യത്തില്‍ നിന്നും പറന്നു വരുന്നൊരു ഈച്ച തന്നില്‍ വന്നിരിക്കുന്നത്‌ തടയാന്‍ പോലുമാവാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നതില്‍ നിന്നും, ഈ ജനങ്ങള്‍ സൃഷ്ടിയും സ്ഥിതിയും നീതിയും കയ്യാളുന്ന ഏകനായ ദൈവത്തെ ആരാധിക്കുന്നതിലേക്കെത്തിച്ചേരുമെന്നവര്‍ വിശ്വസിക്കുന്നു.
എന്തോ ഒരു ശബ്ദം കേട്ട്‌ ജാലകത്തിലൂടെ പുറത്തേക്കെത്തിയപ്പോള്‍ ഖബ്ബാബ്‌ കണ്ടത്‌ ഊരിപ്പിടിച്ച വാളുമായി വരുന്ന ഉമറിനെയാണ്‌. ഖബ്ബാബിന്റെ സര്‍വാംഗങ്ങളും വിറച്ചുപോയി. ആ വരവു കണ്ടാലറിയാം ഉമറെല്ലാം അറിഞ്ഞിട്ടുള്ള വരവാണെന്ന്‌. ഉമറിന്റെ സ്വഭാവമനുസരിച്ച്‌ ചിലപ്പോള്‍ ചോദിക്കലും പറയലുമൊന്നും ഉണ്ടായി എന്നു വരില്ല. കണ്ടാല്‍ കാണുന്ന മാത്രയില്‍ ഉമര്‍ പണി തീര്‍ക്കും. ഖബ്ബാബ്‌ പരക്കം പാഞ്ഞു. തനിക്ക്‌ കിട്ടിയ ഒരു പഴുതില്‍ ഖബ്ബാബ്‌ ഒളിക്കുകയും ചെയ്‌തു. അപ്പോഴേക്കും വാതിലില്‍ മുട്ടു കേട്ടു തുടങ്ങി. കൂടെ വാതില്‍ തുറക്കാനുള്ള ഉമറിന്റെ കല്‍പനയും.
ഫാഥ്വിമ ഖബ്ബാബ്‌ കൊണ്ടുവന്ന തോല്‍ക്കഷ്ണം ചുരുട്ടിപ്പിടിച്ച്‌ തന്റെ വസ്‌ത്രത്തിനുള്ളിലൊളിപ്പിച്ചു. അതിലാണ്‌ ഖുര്‍ആനിന്റെ വചനങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്‌. അത്‌ പ്രവാചകന്റെ കല്‍പനയാണ്‌. ആ എഴുതിയത്‌ ഉമര്‍ കണ്ടു പ്രശ്ണമുണ്ടാക്കണ്ട എന്നു കരുതിയാണ്‌ അവരങ്ങിനെ ചെയ്‌തത്‌.
സഈദ്‌ ചെന്ന്‌ വാതില്‍ തുറന്നു. ഉള്ളിലെ ഭയം മറച്ചു വച്ച്‌ കോപിഷ്ഠനായി നില്‍ക്കുന്ന ഭാര്യാസഹോദരനെ തന്റെ ഭവനത്തിലേക്ക്‌ സ്വാഗതം ചെയ്‌തു. വലിഞ്ഞു മുറുകിയ മുഖവുമായി അകത്തു കയറിയ പാടെ സഈദിനോട്‌ ഉമറിന്റെ വക ചോദ്യം.
ഞാനിങ്ങോട്ടു വരുമ്പോള്‍ ചില അവ്യക്‌ത സൂക്‌തങ്ങള്‍ കേട്ടല്ലോ? എന്തായിരുന്നു അത്‌?
പടച്ചവനേ, ഉമര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്‌ കേട്ടിരിക്കുന്നു.
ഹേയ്‌.. ഞങ്ങളിങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞിരിക്കുകയായിരുന്നു.
അല്ല, നീ കളവ്‌ പറയുന്നു, മക്കയിലെ മാരണക്കാരന്‍ മുഹമ്മദിന്റെ മതത്തില്‍ ചേര്‍ന്നുവോ നീ? പാരമ്പര്യമായി കിട്ടിയ നമ്മുടെ ദൈവങ്ങളെ നീ തള്ളിപ്പറഞ്ഞോ? എന്റെ സഹോദരിയെ നീയതിന്‌ പ്രേരിപ്പിച്ചോ?
സഈദ്‌ സ്‌തബ്ധനായി നിന്നു. ഉമര്‍ അറിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഇത്രയും കാലം രഹസ്യമാക്കി വച്ചത്‌ പരസ്യമായിരിക്കുന്നു. ഇനിയങ്ങോട്ട്‌ ഓര്‍ത്താല്‍ പോലും ഭയപ്പെടുന്ന വിധത്തിലുള്ള പീഢനങ്ങളേറ്റു വാങ്ങാം. അതും ഉമര്‍ ഞങ്ങളെ ജീവനോടെ വിട്ടാല്‍ . ശബ്ദം കുറച്ച്‌, ഉറച്ച വാക്കുകളോടെ സഈദ്‌ പറഞ്ഞു.
അതെ ഉമര്‍ , ഞങ്ങള്‍ മുഹമ്മദില്‍ വിശ്വസിച്ചിരിക്കുന്നു. എകനായ അല്ലാഹുവില്‍ ഞങ്ങള്‍ അഭയം തേടിയിരിക്കുന്നു. അവനല്ലാതെ ഒരാരാധ്യനില്ലെന്നും മുഹമ്മദ്‌ അവന്റെ പ്രവാചകനാണെന്നും ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു.
നശിച്ചവനെ, ഖഥ്വാബിന്റെ കുടുംബത്തിലോ നിന്റെ ധിക്കാരം?
ഉമര്‍ സഈദിനെ തലങ്ങും വിലങ്ങും തല്ലാന്‍ തുടങ്ങി. ഭര്‍ത്താവിനെ ഉമര്‍ മര്‍ദ്ധിക്കുന്നത്‌ കണ്ടപ്പോള്‍ ഫാഥ്വിമ ഓടിവന്നു. ഉമറിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിന്നിടയില്‍ ഫാഥ്വിമക്കും കിട്ടി ഉമറിന്റെ വക തല്ല്‌. ഉമറിന്റെ തല്ലു കൊണ്ട്‌ ഫാഥ്വിമ മുഖം കുത്തി വീണു. അവിടെ നിന്നും രക്‌തമൊലിക്കുന്ന മുഖത്തോടെ എഴുന്നേറ്റ്‌ തന്റെ ഭര്‍ത്താവിന്റെയും സഹോദരന്റെയും ഇടയില്‍ നിന്നു കൊണ്ട്‌ ഫാഥ്വിമ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
ഉമര്‍ , ദേഷ്യം നിന്നെ അന്ധനാക്കിയിരിക്കുന്നു. നീയെന്തു പറഞ്ഞാലും, നീയെന്തു ചെയ്‌താലും ഞങ്ങള്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. മുഹമ്മദിനെ പ്രവാചകനായി അംഗീകരിച്ചിരിക്കുന്നു. നിനക്കു ഞങ്ങളെ കൊല്ലണമെങ്കില്‍ കൊല്ലാം. പക്ഷെ ഞങ്ങളൊരിക്കലും പിന്തിരിയില്ല തന്നെ.
ആ വാക്കുകള്‍ ഉമറിന്റെ ഹൃദയത്തെ പിടിച്ചുലച്ചു. ആ നിശ്ചയദാര്‍ഢ്യം ഉമറിനെ അമ്പരപ്പിച്ചു. അവന്‍ തന്റെ സഹോദരിയുടെ മുഖത്തേക്ക്‌ നോക്കി. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്‌തം വരുന്നു. കവിള്‍ മുറിഞ്ഞിരിക്കുന്നു. മുഖത്തു നിന്നും രക്‌തം അവരുടെ മാറിടത്തിലേക്ക്‌ ചാലിട്ടൊഴുകുന്നു. സ്വന്തം സഹോദരിയെ ആ വിധം കാണേണ്ടി വന്നപ്പോള്‍ ഉമര്‍ വ്യസനിച്ചു. സഹോദര സ്നേഹം ഉമറിന്റെ സിരകളെ തണുപ്പിച്ചു കളഞ്ഞു. ഉമര്‍ ശാന്തനായി. കുറേ നേരം ഒന്നും മിണ്ടാതെ അവരെയും നോക്കി നിന്നു. പിന്നെ ചോദിച്ചു.
നിങ്ങള്‍ എന്തായിരുന്നു പാരായണം ചെയ്‌തു കൊണ്ടിരുന്നത്‌? എനിക്കതൊണ്‌ കാണണം.
ഉമറിന്റെ പെട്ടെന്നുള്ള ആ മാറ്റം ഫാഥ്വിമക്ക്‌ വിശ്വാസമായില്ല. അതു കൊണ്ടു തന്നെ അവര്‍ പറഞ്ഞു.
ഇല്ല ഉമര്‍ . ഇതിപ്പോള്‍ നിനക്ക്‌ തരില്ല. നീ ക്ഷുഭിതനാണ്‌. നിനക്കിപ്പോള്‍ ശുദ്ധതയില്ല. നീയൊരു കാര്യം ചെയ്യ്‌, കുളിച്ചിട്ട്‌ വരൂ. നിനക്കപ്പോള്‍ തരാം.
ഉമര്‍ ഒന്നും പറയാതെ കുളിക്കാന്‍ പോയി. വെള്ളം തലയിലൂടെ കോരിയൊഴിച്ച്‌ തല തണുക്കുവോളം ഉമര്‍ കുളിച്ചു. ഈറനോടെ തിരിച്ച്‌ വന്ന്‌ സഹോദരിയുടെ നേരെ കൈ നീട്ടി.
അതെനിക്ക്‌ തരൂ, ഞാനതൊന്ന്‌ വായിച്ച്‌ നോക്കട്ടെ.
ഫാഥ്വിമ വിറക്കുന്ന കൈകളോടെ ഉമറിന്റെ നേരെ ആ തോല്‍ക്കഷ്ണം നീട്ടി. അദ്ധ്യായം ഥ്വാഹയിലെ ആദ്യത്തെ ചില വചനങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്‌. ഉമര്‍ അതിലേക്ക്‌ കണ്ണോടിച്ചു. വായിച്ച്‌ തുടങ്ങി. മുഴുവന്‍ വായിച്ച്‌ കഴിഞ്ഞപ്പോള്‍ , കാറ്റിനെ പോലെ പതിഞ്ഞ ശബ്ദത്തില്‍ മന്ത്രിച്ചു.
എത്ര സുന്ദരം! എത്ര മഹത്വമേറിയ വാക്യങ്ങള്‍ ! ഇത്രയും അര്‍ത്ഥ സമ്പുഷ്ടമായ സൂക്‌തങ്ങള്‍ നിരക്ഷരനായ മുഹമ്മദിന്‌ ഒരിക്കലുമെഴുതാനാവില്ല. എവിടെ മുഹമ്മദ്‌. എനിക്കദ്ദേഹത്തെ കാണണം.
ദാറു അര്‍ഖം ഒരു ഒളിസങ്കേതമാണ്‌. അവിടെയാണ്‌ പ്രവാചകനും ദുര്‍ബലരായ അനുയായികളും മക്കക്കാരുടെ പീഢനം സഹിക്കവയ്യാതായപ്പോള്‍ ഒളിച്ചു താമസിക്കുന്നത്‌. ഹംസയുണ്ടവിടെ. അതു കൊണ്ടു തന്നെ അങ്ങോട്ടു വന്നാരും പീഢിപ്പിക്കാന്‍ ധൈര്യപ്പെടില്ല. ആ ഭവനത്തില്‍ തന്റെ അനുചരന്‍മാരോടൊത്ത്‌ പ്രവാചകന്‍ ഇരിക്കവെ ഒരനുചരന്‍ പേടിയോടെ പറഞ്ഞു അല്ലാഹുവിന്റെ ദൂതരേ, ഖഥ്വാബിന്റെ പുത്രന്‍ ഉമര്‍ വരുന്നു. അവന്റെ കയ്യില്‍ ഊരിപ്പിടിച്ച വാളുണ്ട്‌. ആ വരവ്‌ ഒരിക്കലും നല്ലതിനാവില്ല തന്നെ.
പ്രവാചകന്റെ പിതൃവ്യനായ ഹംസ പറഞ്ഞു. ആരും ഭയപ്പെടേണ്ട. ഉമര്‍ വരുന്നത്‌ നല്ലതിനാണെങ്കില്‍ അത്‌ ഉമറിന്‌ നന്നു. മറിച്ചാണെങ്കില്‍ അവന്റെ വാള്‍ തന്നെ അവന്റെ തലയരിയും.
ഹംസ വീടിന്റെ വാതില്‍ക്കല്‍ വിലങ്ങനെ നിന്നു. ഉമര്‍ വന്നു. വീടിന്റെ മുറ്റത്ത്‌ നിന്നു. വാതില്‍ക്കല്‍ മഹാപര്‍വ്വതം പോലെ ഉറച്ചു നില്‍ക്കുന്ന ഹംസയെന്ന പോരാളികളില്‍ പോരാളി. ആ കൈ ഒന്നു തട്ടിമാറ്റാന്‍ പോലും തന്റെയീ ഇരുപത്തേഴാം വയസ്സില്‍ പോലും താനശക്‌തനാണെന്ന്‌ ഉമര്‍ മനസ്സിലാക്കിയപ്പോള്‍ , അകത്തളത്തിരിക്കുന്ന പ്രവാചകനെ നോക്കി ഇങ്ങിനെ വിളിച്ചു പറഞ്ഞു.
അല്ലാഹുവിന്റെ പ്രവാചകരെ, ഉമര്‍ കീഴടങ്ങി വന്നവനാകുന്നു. ഉമര്‍ പ്രകാശം തേടി വന്നതാകുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഉമര്‍ സാക്ഷ്യം വഹിക്കുന്നു.
ഭയന്നു നില്‍ക്കുകയായിരുന്ന പ്രവാചകാനുയായികള്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കി. ആഹ്ളാദത്തിന്റെ ആരവമാണത്‌. ഉമര്‍ മുസ്ലിമായിരിക്കുന്നു. ഉമര്‍ പ്രചാകന്റെ കൂടെ ചേര്‍ന്നിരിക്കുന്നു. ഉന്നത കുലജാതനായ ഉമര്‍ . ധീരനായ ഉമര്‍ . ഉത്തമനായ ഉമര്‍ .
അവര്‍ സന്തോഷം കൊണ്ട്‌ പരസ്പരം കെട്ടിപ്പുണരവെ പ്രവാചകനോടായി ഉമറിന്റെ ചോദ്യം.
അങ്ങ്‌ അല്ലാഹുവിന്റെ പ്രവാചകനല്ലെയോ?
പ്രവാചകാനുചരന്‍മാര്‍ പരസ്പരം നോക്കി. ചുണ്ടു പിളര്‍ന്ന്‌ പല്ലു കാണാത്ത വിധത്തില്‍ പ്രവാചകന്‍ ഒന്നു പുഞ്ചിരിച്ചു.
അതെ ഉമര്‍ , ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാകുന്നു. എങ്കില്‍ ഇറങ്ങുക. വെളിച്ചത്തിലേക്കിറങ്ങി അങ്ങ്‌ ഉറക്കെ ഉറക്കെ പ്രബോധനം നടത്തുക. ഉമറിണ്റ്റെ ശവത്തിന്റെ നെഞ്ചില്‍ ചവിട്ടാതെ, അങ്ങയുടെ നേരെ ഒരാളും ദേഷ്യത്തോടെ ഒന്നു നോക്കാന്‍ പോലും ധൈര്യപ്പെടില്ല.
അബൂജഹലും കൂട്ടരും ഉമറിനെ കാത്തിരിക്കുകയാണ്‌. ഉമറിപ്പോള്‍ മുഹമ്മദിന്റെ തലയെടുത്തിട്ടുണ്ടാവും, കഴുത്ത്‌ നല്ലവണ്ണം നീട്ടി വെട്ടിയിട്ടുണ്ടാവുമെന്നൊക്കെ അവര്‍ പരസ്പരം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഒരു ഇരമ്പല്‍ കേട്ടു തുടങ്ങി. പതുക്കെപ്പതുക്കെ ആ ശബദം അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനിയായി അവര്‍ക്ക്‌ കേള്‍ക്കാനായി. അവര്‍ അന്തം വിട്ടു. ഈ പകല്‍ മക്കയില്‍ മുഹമ്മദിന്റെ മതത്തിന്റെ അനുയായികള്‍ ഇത്ര പരസ്യമായി തക്ബീര്‍ മുഴക്കി നടക്കുകയോ? എങ്കിലവരെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം. എല്ലാവരും സജ്ജരായി നോക്കി നില്‍ക്കേ അതാവരുന്നു, ഒരു കൊച്ചു പ്രകടനം. രണ്ടു വരി. ഒരു വരിയുടെ മുന്നില്‍ അബ്ദുല്‍ മുഥ്വലിബിന്റെ പുത്രന്‍ ഹംസ. പ്രവാചകന്റെ പിതൃവ്യന്‍ . മറ്റേ വരിയുടെ മുന്നില്‍ .... !!?
അതെ! അത്‌ ഉമറാണ്‌!!
അബൂജഹലിനും കൂട്ടര്‍ക്കും തല കറങ്ങുന്നത്‌ പോലെ തോന്നി. കണ്ണുകള്‍ മുറുക്കിത്തിരുമ്മി പിന്നെയും നോക്കി. അതെ. ഉമറു തന്നെ. മുഹമ്മദിന്റെ തലയെടുക്കാനെന്നും പറഞ്ഞു പോയ അതേ ഉമര്‍ . ആ ഊരിപ്പിടിച്ച വാള്‌ ഇപ്പോഴും അവന്റെ കയ്യിലുണ്ട്‌. അന്തം വിട്ട്‌ പകച്ചു നില്‍ക്കുന്ന തന്റെ കൂട്ടുകാരോടായി അബൂജഹല്‍ പറഞ്ഞു.
മുഹമ്മദിനെ പിടിക്കാന്‍ പോയ ഉമറിനെ മുഹമ്മദ്‌ പിടിച്ചിരിക്കുന്നു. അവന്റെ മാരണം മഹാമാരണം തന്നെയാകുന്നു....
صلي الله علي محمد .صلي الله عليه وسلم

Address

Doha

Website

Alerts

Be the first to know and let us send you an email when Ulike International posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share